മികച്ച പ്രകടനം,കേരള ബ്ലാസ്റ്റേഴ്സിനും താരങ്ങൾക്കും കോളടിച്ചു,മൂല്യത്തിൽ അവിശ്വസനീയമായ വർദ്ധനവ് രേഖപ്പെടുത്തി.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.ആദ്യത്തെ 10 മത്സരങ്ങളിൽ ആറു മത്സരങ്ങളിലും വിജയിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മികച്ച പ്രകടനം നടത്താൻ ക്ലബ്ബിന് സാധിക്കുന്നുണ്ട് എന്ന വാസ്തവം വിസ്മരിക്കാൻ പാടില്ല.
എടുത്തു പറയേണ്ട യുവതാരങ്ങളുടെ പ്രകടനം തന്നെയാണ്.മലയാളി യുവതാരങ്ങൾ ഇപ്പോൾ ക്ലബ്ബിന്റെ സ്റ്റാർട്ടിങ് ഇലവൻ സ്ഥിരസാന്നിധ്യമായി കഴിഞ്ഞു. മികച്ച പ്രകടനം നടത്താൻ അവർക്ക് സാധിക്കുന്നുണ്ട്.അതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തുവന്ന മൂല്യം തന്നെയാണ്. എന്തെന്നാൽ ഐഎസ്എല്ലിലെ താരങ്ങളുടെ പുതുക്കിയ മൂല്യം പ്രമുഖ വെബ്സൈറ്റ് ആയ ട്രാൻസ്ഫർ മാർക്കറ്റ് പുറത്ത് വിട്ടിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നേട്ടം കൊയ്ത ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അവിശ്വസനീയമായ വർദ്ധനവ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഗോൾകീപ്പർ സച്ചിൻ സുരേഷ് വലിയ നേട്ടമാണ് കൊയ്തത്.ഇതുവരെ അദ്ദേഹത്തിന്റെ മൂല്യം 20 ലക്ഷമായിരുന്നു. എന്നാൽ അതിപ്പോൾ കുത്തനെ ഉയർന്ന് 1.4 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്.അത്ഭുതകരമായ ഒരു വളർച്ച തന്നെയാണ് അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത്. മികച്ച പ്രകടനം അദ്ദേഹം ഗോൾ വലക്ക് കീഴിൽ നടത്തുന്നുമുണ്ട്.
ഡിഫന്റർ മിലോസ് ഡ്രിൻസിച്ചിന്റെ മൂല്യം ഇതുവരെ 1.8 കോടി രൂപയായിരുന്നു. എന്നാൽ അത് ഒരു കൂടി വർദ്ധിച്ചുകൊണ്ട് 2.8 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്.മലയാളി താരം ഐമനും നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇരുപത് ലക്ഷം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാല്യൂ ഒരു കോടി രൂപയാണ്.ദിമിയുടെ മൂല്യത്തിലും വർദ്ധനവ് രേഖപ്പെടുത്തി. നാല് കോടി ഉണ്ടായിരുന്നത് 4.8 കോടി രൂപയായിട്ടുണ്ട്.
ഡാനിഷിന്റെ 1.4 കോടി രൂപയുടെ വാല്യൂ ഇപ്പോൾ 1.8 കോടി രൂപയാണ്.വിബിൻ 1.4 കോടിയിൽ നിന്നും 1.8 കോടിയിലേക്ക് എത്തിയിട്ടുണ്ട്.സക്കായ് 1.6ൽ നിന്നും 2.2 കോടിയിൽ എത്തി.നവോച്ച 1.4 കോടി രൂപയിൽ നിന്നും 1.8 കോടി രൂപയിലേക്ക് എത്തി. ചുരുക്കത്തിൽ എല്ലാവർക്കും വളരെ വലിയ വളർച്ച തന്നെയാണ് ആദ്യത്തെ പത്ത് മത്സരങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ളത്.ഇത് തുടർന്നു കൊണ്ടുപോവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.