കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെയാണ് നേരിടുക. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്.അതിന് കാരണം പരിക്കുകളാണ്.
ഒരുപാട് സുപ്രധാന താരങ്ങളെ പരിക്കുകൾ കാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. അതിൽ പെട്ട ഒരു താരമാണ് ഗോൾ കീപ്പർ സച്ചിൻ സുരേഷ്. അദ്ദേഹത്തിന് ഷോൾഡർ ഇഞ്ചുറിയാണ്. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിട്ടുണ്ട്. പക്ഷേ താരം ഈ സീസണിൽ ഇനി കളിക്കില്ല. പകരം ഇപ്പോൾ കരഞ്ജിത്ത് സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുന്നത്.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ചില പിഴവുകൾ സംഭവിച്ചിരുന്നു.
ലാറ ശർമയെപ്പോലെ ഒരു ഗോൾകീപ്പർ ഉണ്ടായിട്ടും എന്തുകൊണ്ട് 37 കാരനായ കരൻജിത്തിനെ പൂർണ്ണമായും ആശ്രയിക്കുന്നു എന്ന ചോദ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നുവന്നിരുന്നു.ലാറ ശർമ്മക്ക് അവസരം നൽകാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഇപ്പോൾ ഇവാൻ കേട്ടു എന്ന് വേണം പറയാൻ.
അതായത് ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ പരിശീലകൻ ഇവാനോടൊപ്പം പങ്കെടുത്തത് ഗോൾകീപ്പർ ലാറ ശർമയാണ്. ലാറ ശർമ പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അദ്ദേഹം കോൺഫറൻസിൽ പങ്കെടുത്തതിന്റെ അർത്ഥം നാളത്തെ മത്സരത്തിൽ ഗോൾവലയം അദ്ദേഹം കാക്കും എന്നതാണ്. സ്റ്റാർട്ടിങ് ഇലവനിൽ നമുക്ക് ലാറ ശർമയെ പ്രതീക്ഷിക്കാം.
മികച്ച പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങനെയാണ് എന്നുണ്ടെങ്കിൽ പ്ലേ ഓഫ് മത്സരത്തിലും ലാറയെ പരിഗണിക്കാം. ഏതായാലും വരുന്ന രണ്ട് മത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞാൽ അത് പ്ലേ ഓഫിന് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമായിരിക്കും.എന്നാൽ നിരവധി മാറ്റങ്ങളോട് കൂടിയാണ് ബ്ലാസ്റ്റേഴ്സ് നാളത്തെ മത്സരത്തിൽ ഇറങ്ങുക.