ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കും,ഷില്ലോങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക വ്യത്യസ്തമായ ഒരു ഇലവനുമായി.
കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് പൂർത്തിയാക്കിയിട്ടുള്ളത്.2023 എന്ന വർഷം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 12 മത്സരങ്ങളിൽ എട്ടിലും ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് പരമാവധി പോയിന്റുകൾ കളക്ട് ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന് ഒരു ഇടവേളയാണ്.കലിംഗ സൂപ്പർ കപ്പ് ആണ് അരങ്ങേറുന്നത്.കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുക.ഷില്ലോങ് ലജോങ്ങാണ് എതിരാളികൾ.നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഈ മത്സരം നടക്കുക.ഒഡീഷയിൽ വെച്ചു കൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് അരങ്ങേറുന്നത്. വിപുലമായ സൗകര്യങ്ങൾ ഒഡീഷ്യ ഗവൺമെന്റ് ഈ ടൂർണമെന്റിനു വേണ്ടി ഒരുക്കിയിട്ടുണ്ട്.
മൈ ഖേൽ എന്ന മാധ്യമം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ സാധ്യതകളെക്കുറിച്ചും സ്ട്രാറ്റജികളെ കുറിച്ചും ഒരു ലേഖനം എഴുതിയിട്ടുണ്ട്.ഷില്ലോങ്ങിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന ഇലവന്റെ ഒരു സാധ്യതകൾ ഇവർ വിശദീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചില മാറ്റങ്ങൾ വരുത്തിയേക്കും എന്നാണ് ഈ പോസിബിൾ ലൈനപ്പിൽ ഇവർ പറയുന്നത്. പക്ഷേ നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.ഏതായാലും ആ പോസിബിൾ ലൈനപ്പ് ഒന്ന് നോക്കാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ പ്രീതം കോട്ടാൽ,രാഹുൽ കെപി,ഇഷാൻ പണ്ഡിത എന്നിവരെ ടൂർണമെന്റിന് ലഭ്യമല്ല. കാരണം അവർ ഇന്ത്യൻ ദേശീയ ടീമിനോടൊപ്പം ഏഷ്യൻ കപ്പിലാണ് ഉള്ളത്.നാളെത്തെ മത്സരത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്. മറിച്ച് വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്ങിന് ഇവാൻ അവസരം നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. അതുപോലെതന്നെ സെന്റർ ബാക്ക് പൊസിഷനിൽ ലെസ്ക്കോവിച്ചിന് പരിശീലകൻ വിശ്രമം അനുവദിച്ചേക്കും. പകരം ഹോർമിപാം സ്റ്റാർട്ട് ചെയ്തേക്കും. അദ്ദേഹത്തിനൊപ്പം മിലോസ് ഡ്രിൻസിച്ചും ഉണ്ടാകും.ഇനി റൈറ്റ് ബാക്ക് പൊസിഷനിൽ പ്രബീർ ദാസും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നവോച്ച സിങ്ങുമായിരിക്കും ഉണ്ടാവുക.
മധ്യനിരയിൽ വിബിൻ മോഹനൻ,ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസ്ഹർ എന്നിവർ ഉണ്ടാകും.വിങ്ങിൽ മുഹമ്മദ് ഐമനായിരിക്കും ഉണ്ടാവുക. അതുപോലെതന്നെ സ്ട്രൈക്കർ പൊസിഷനിൽ ദിമിയും പെപ്രയും ഇറങ്ങും. ഇതാണ് ഇപ്പോൾ പുറത്തേയ്ക്ക് വന്ന ഒരു പോസിബിൾ ലൈനപ്പ്. മികച്ച ഒരു ടീമിനെ അണിനിരത്തിക്കൊണ്ട് മികച്ച വിജയം തന്നെ വുക്മനോവിച്ചും സംഘവും നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.