കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ യോഗ്യത നേടിയിട്ടുള്ളത്. അവസാന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് CISFനെ പരാജയപ്പെടുത്തിയിരുന്നത്.
മത്സരത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ സ്റ്റാർട്ട് ചെയ്ത ഒരു താരം പ്രീതം കോട്ടാലായിരുന്നു. ഗോളുകൾ ഒന്നും വഴങ്ങേണ്ടി വന്നിട്ടില്ലെങ്കിലും പലപ്പോഴും താരം അശ്രദ്ധനാവുന്നത് വ്യക്തമായിരുന്നു. ഏതായാലും ഈ സമ്മറിൽ താരത്തെക്കുറിച്ച് ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അദ്ദേഹത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല. താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാന് കോട്ടാലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ഒരു സ്വാപ് ഡീലാണ് ഇപ്പോൾ രണ്ട് ക്ലബ്ബുകളും ഉദ്ദേശിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. അതിൽ മാറ്റം വരാത്തതു കൊണ്ടാണ് ഈ ട്രാൻസ്ഫറിൽ പുരോഗതി ഒന്നും ഉണ്ടാവാത്തത്.
അതായത് പകരം രണ്ട് താരങ്ങളെ വേണം എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സിന്റെ നിലപാട്.എന്നാൽ തങ്ങളുടെ രണ്ട് താരങ്ങളെ വിട്ടുകൊടുക്കാൻ മോഹൻ ബഗാൻ ഒരുക്കമല്ല. ഒരു താരത്തെ മാത്രമേ നൽകുകയുള്ളൂ എന്നാണ് അവരുടെ നിലപാട്. അതുകൊണ്ടുതന്നെ രണ്ട് ക്ലബ്ബുകൾക്കും ഇതുവരെ ഡീലിൽ ഒന്നും എത്താൻ കഴിഞ്ഞിട്ടില്ല. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.അതിന് മുൻപ് ഇക്കാര്യങ്ങളിൽ ഒരു ഫൈനൽ ഡിസിഷനിൽ എത്താൻ ശ്രമങ്ങൾ നടന്നേക്കും.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.ബ്ലാസ്റ്റേഴ്സ് സഹലിനെയായിരുന്നു കൈമാറിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം കഴിഞ്ഞ സീസണിൽ പുറത്തെടുക്കാൻ കോട്ടാലിന് സാധിച്ചിരുന്നില്ല. ഇതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൈവിടാൻ തീരുമാനിച്ചത്.