കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ഒരെണ്ണത്തിൽ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ബാക്കിയുള്ള ഒൻപത് മത്സരങ്ങളിലും പരാജയം രുചിച്ചു. ഒരു പരിധിവരെ പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകളെ കുറ്റം പറയാമെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെ ദയനീയമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ സ്ഥിരമായി അവസരം ലഭിക്കുന്ന മലയാളി താരമാണ് രാഹുൽ കെപി. പക്ഷേ വളരെ മോശം പ്രകടനമാണ് ഈ സീസണിൽ രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഗോളുകളോ അസിസ്റ്റുകളോ പ്രതീക്ഷിച്ച രൂപത്തിൽ അദ്ദേഹത്തിൽ നിന്നും വന്നിട്ടില്ല. ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് മത്സരങ്ങളിൽ സാധിക്കുന്നുമില്ല.നേരത്തെ തന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും തന്നെ വലിയ വിമർശനങ്ങളാണ് രാഹുലിന് ലഭിക്കുന്നത്.
ഈ സീസൺ അവസാനിച്ചാൽ അദ്ദേഹത്തെ ഒഴിവാക്കണം എന്ന് ചിലർ ആവശ്യപ്പെട്ടിട്ടുമുണ്ട്. അത്തരത്തിലുള്ള റൂമറുകൾ പുറത്തേക്ക് വരികയും ചെയ്തിരുന്നു.അതായത് കേരള ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ് എന്നുള്ളത് ഒരു ഇന്ത്യൻ ജേണലിസ്റ്റ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.അതിനുപുറമേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡൊമസ്റ്റിക് താരവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത പുറത്തേക്ക് വന്നിരുന്നു.
അതായത് സാമ്പത്തികപരമായ കാരണങ്ങൾ കൊണ്ട് ഒരു ഡൊമസ്റ്റിക് താരത്തെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ആ താരത്തെ സ്വന്തമാക്കാൻ വേണ്ടി എഫ് സി ഗോവയും ചെന്നൈയിൻ എഫ്സിയും കാര്യമായി ശ്രമങ്ങൾ നടത്തുന്നുണ്ട്.കൂടാതെ ഈസ്റ്റ് ബംഗാളിനും നിന്ന് താൽപര്യമുണ്ട്.പക്ഷേ ആ താരം ആരാണ് എന്നത് വ്യക്തമല്ല. രാഹുൽ കെപിയാണ് എന്ന അഭ്യൂഹമുണ്ട്.വിബിൻ മോഹനൻ,ഡാനിഷ് ഫാറൂഖ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഏതായാലും സീസൺ അവസാനിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാവുകയുള്ളൂ.
രാഹുൽ കെപി ദീർഘകാലമായി ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള താരമാണ്.പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ 18 മത്സരങ്ങൾ കളിച്ച രാഹുലിന് ഒരു ഗോൾ പോലും ഈ സീസണിൽ നേടാൻ കഴിഞ്ഞിട്ടില്ല. അവകാശപ്പെടാൻ ഉള്ളത് കേവലം ഒരു അസിസ്റ്റ് മാത്രമാണ്.