കേരള ബ്ലാസ്റ്റേഴ്സ് മരിൻ യാക്കോലിസുമായി ചർച്ചകൾ നടത്തി!
കേരള ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. അതേസമയം അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് 2027 വരെ ബ്ലാസ്റ്റേഴ്സ് നീട്ടിയിട്ടുണ്ട്.എന്നാൽ സൂപ്പർ താരം ദിമിയെ നിലനിർത്താൻ കഴിയാതെ പോയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്ന വിദേശ താരങ്ങളിൽ ഭൂരിഭാഗം പേരും ക്ലബ്ബിനോട് വിട പറയുകയാണ്. പുതിയ താരങ്ങളെ എത്തിച്ചു കൊണ്ടുള്ള ഒരു റീ ബിൽഡിംഗാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.നൂഹ് സദൂയിയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുമുണ്ട്.
IFT ന്യൂസ് മീഡിയ ഇക്കാര്യത്തിൽ പുതിയ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് രണ്ടാഴ്ച മുൻപ് ക്രൊയേഷ്യൻ താരമായ മരിൻ യാക്കോലിസുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയിരുന്നു.ഇദ്ദേഹം മുന്നേറ്റ നിര താരമാണ്. ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ താരമാണെങ്കിലും ഓസ്ട്രേലിയൻ പാസ്പോർട്ട് ഇദ്ദേഹത്തിനുണ്ട്. അതിനർത്ഥം ഏഷ്യൻ ക്യാറ്റഗറിയിലേക്ക് താരത്തെ സൈൻ ചെയ്യാം എന്നാണ്.
പക്ഷേ ഏഷ്യൻ സൈനിങ്ങ് അടുത്ത സീസൺ മുതൽ നിർബന്ധമില്ല. അതുകൊണ്ടുതന്നെ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. താരത്തെ കൊണ്ടുവരാൻ ഇനി ശ്രമിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണം. നിയമത്തിൽ മാറ്റം വന്നതോടെ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ മറ്റു താരങ്ങളെ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. 27 വയസ്സുള്ള ഈ താരം അഡ്രിയാൻ ലൂണയുടേതിന് സമാനമായ കളി ശൈലിയുള്ള താരമാണ്.
ഒരു ബഹുമുഖ പ്രതിഭയാണ് താരം എന്ന് പറയേണ്ടിവരും.കാരണം മുന്നേറ്റ നിരയിലെ മൂന്ന് പൊസിഷനുകളിലും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് യാക്കോലിസ്. നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം മെൽബൺ സിറ്റിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും താരത്തിന്റെ കാര്യത്തിലെ കൂടുതൽ വ്യക്തതകൾ കൈവരേണ്ടതുണ്ട്.