കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു സഹൽ അബ്ദുസമദ്. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ടീമിന് നഷ്ടമായി. മോഹൻ ബഗാനാണ് സഹലിനെ സ്വന്തമാക്കിയത്. 90 ലക്ഷം രൂപയും പ്രീതം കോട്ടാലിനെയുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.
സഹലിന്റെ അഭാവത്തിൽ മിഡ്ഫീൽഡിലേക്ക് ഒരു ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണം. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഓപ്ഷനുകൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.ഫുട്ബോൾ എക്സ്ക്ലൂസീവ് പുറത്ത് വിടുന്ന വാർത്തകൾ പ്രകാരം മലയാളി താരമായ അബ്ദുൽ റബിഹിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സഹലിന്റെ പകരമായി കൊണ്ട് റബീഹിനെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.
22 വയസ്സ് മാത്രമുള്ള റബീഹ് നിലവിൽ ഹൈദരാബാദ് എഫ്സിയുടെ താരമാണ്.മിഡ്‌ഫീൽഡിൽ തന്നെയാണ് താരം പ്രധാനമായും കളിക്കാറുള്ളത്. 2021ൽ ലൂക്ക ക്ലബ്ബിൽ നിന്നായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. 2019ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗം കൂടിയായിരുന്നു റബീഹ്.
മലപ്പുറത്തുകാരനായ ഈ താരത്തിന് ഹൈദരാബാദ് എഫ്സിയുമായി 2026 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 19 മത്സരങ്ങൾ ഇതാരം കളിക്കുകയും മൂന്ന് അസിസ്റ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. താരത്തെ സ്വന്തമാക്കി കഴിഞ്ഞാൽ മറ്റൊരു മലയാളി പ്രതിഭയെ കൂടി കേരള ബ്ലാസ്റ്റേഴ്സ് ഉയരങ്ങളിലേക്ക് എത്തിച്ചേക്കും.