കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മനോഹരമായ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്. മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.ദിമി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിരുന്നത്. എല്ലാ അർത്ഥത്തിലും അർഹിച്ച വിജയം തന്നെയാണ് ക്ലബ്ബ് സ്വന്തമാക്കിയത്.
ഫിനിഷിങ്ങിലെ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ എല്ലാ മേഖലകളിലും മികവ് പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഈ മത്സരത്തിൽ ചുരുങ്ങിയത് ഒരു മൂന്ന് ഗോളുകൾക്കെങ്കിലും വിജയിക്കേണ്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ആരാധകരുടെ പൊതുവായുള്ള അഭിപ്രായം.അത്രമേൽ ആധിപത്യമാണ് മത്സരത്തിൽ, പ്രത്യേകിച്ച് ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.
ഈ മത്സരത്തിൽ വിജയിച്ചതോടുകൂടി ചില കണക്കുകൾ ഒക്കെ തിരുത്തി എഴുതാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. വളരെ അപ്രസക്തമായ കാര്യങ്ങൾ ആണെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് പ്രസക്തമായ ഒന്ന് തന്നെയാണ്. കഴിഞ്ഞ മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനോട് മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നില്ല.അത് ഇപ്പോൾ തിരുത്തി കുറിക്കപ്പെട്ടിട്ടുണ്ട്.അതും അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തി എന്നത് തീർത്തും ഇരട്ടി മധുരം നൽകുന്ന ഒരു കാര്യമാണ്.
മറ്റൊന്ന് യുവാൻ ഫെറാണ്ടോയുടെ കണക്കാണ്.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോട് ആകെ 6 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.അതിൽ അഞ്ച് വിജയവും ഒരു സമനിലയുമായിരുന്നു ഫലം.തോൽവികൾ അറിഞ്ഞിരുന്നില്ല.ഇപ്പോൾ ആ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ ഹ്യുഗോ ബോമസിന്റെ അപരാജിത കുതിപ്പിനും വിരാമം ആയിട്ടുണ്ട്.
2017 മുതൽ ബോമസ് ഇതുവരെ ബ്ലാസ്റ്റേഴ്സിനോട് കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപ്പെട്ടിട്ടില്ല.അതും ഇന്നലെ തിരുത്തി എഴുതപ്പെട്ടു. ഇനി ഏറ്റവും പ്രധാനപ്പെട്ട കണക്ക് ആശാന്റെ കണക്ക് തന്നെയാണ്.ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ടീമുകളെയും പരാജയപ്പെടുത്താൻ ഇവാൻ വുക്മനോവിച്ചിന് സാധിച്ചിട്ടുണ്ട്.ആശാന്റെ ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടാത്ത ഒരു ടീമും ഇപ്പോൾ ഐഎസ്എല്ലിൽ ഇല്ല. എല്ലാവരെയും തോൽപ്പിച്ചുകൊണ്ട് തലയെടുപ്പോട് കൂടി തുടരുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ.