കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ കുറച്ച് മത്സരഫലങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഐഎസ്എല്ലിൽ ഒഡീഷ ഒന്നിനെതിരെ ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ഇതോടെ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തുടരുന്നത്.
14 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് ഗോവയാണ് വരുന്നത്. 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് അവർക്കുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.12 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തും 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള മോഹൻ ബഗാൻ അഞ്ചാം സ്ഥാനത്തുമാണ്. ഈ ടീമുകൾ തമ്മിലാണ് പ്രധാനമായും ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള അഥവാ ഷീൽഡിന് വേണ്ടിയുള്ള പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.
ഐഎസ്എല്ലിലെ ആദ്യഘട്ടം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ലക്ഷ്യം ഒന്നാം സ്ഥാനം നേടി കൊണ്ട് ഷീൽഡ് നേടുക എന്നുള്ളതാണ്. പക്ഷേ കഴിഞ്ഞ മത്സരത്തിലെ പരാജയം ക്ലബ്ബിനെ തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.ഇനി ഷീൽഡ് പോരാട്ടത്തിൽ സജീവമാകണമെങ്കിൽ എതിരാളികളുടെ ഇടർച്ച സംഭവിക്കേണ്ടതുണ്ട്.
ബ്ലാസ്റ്റേഴ്സിന് കിരീട പോരാട്ടത്തിൽ സജീവമാകണമെങ്കിൽ വരുന്ന മത്സരങ്ങളിൽ സംഭവിക്കേണ്ട ചില കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.കേരള ബ്ലാസ്റ്റേഴ്സ് അടുത്ത 3 മത്സരങ്ങൾ എന്ത് വിലകൊടുത്തും വിജയിക്കേണ്ടതുണ്ട്.എന്നാൽ കൂടുതൽ മുന്നേറാൻ ക്ലബ്ബിന് കഴിയും.പഞ്ചാബ്,ചെന്നൈ,ഗോവ എന്നിവരാണ് ക്ലബ്ബിന്റെ എതിരാളികൾ.ഈ മത്സരങ്ങളിൽ മുഴുവൻ പോയിന്റുകളും കരസ്ഥമാക്കണം.ഗോവക്കെതിരെയുള്ള മത്സരമായിരിക്കും കൂടുതൽ വെല്ലുവിളി ഉയർത്തുക.
സംഭവിക്കേണ്ട മറ്റൊരു കാര്യം ഗോവയും ഒഡീഷയും തമ്മിൽ നടക്കുന്ന മത്സരം സമനിലയിൽ അവസാനിക്കുക എന്നുള്ളതാണ്. അത് കേരള ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. അതുപോലെതന്നെ പതിനാലാം തീയതി നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ഗോവയെ തോൽപ്പിക്കണം. അത് ഗുണകരമാവുക ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ വീണ്ടും ഷീൽഡ് കിരീട പോരാട്ടത്തിൽ സജീവമാകാൻ ക്ലബ്ബിന് സാധിക്കും.