ട്രോൾ വീഡിയോയിലൂടെ അടുത്ത സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരക്കുപിടിച്ച ഒരു ട്രാൻസ്ഫർ ജാലകമാണ്. കോച്ചിംഗ് സ്റ്റാഫിൽ മാറ്റം സംഭവിച്ചു കഴിഞ്ഞു.നാല് വിദേശ താരങ്ങൾ ക്ലബ്ബിനോട് വിടപറഞ്ഞു കഴിഞ്ഞു. രണ്ട് ഗോൾകീപ്പർമാർ ക്ലബ് വിട്ട കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചു. മറ്റൊരു ഗോൾകീപ്പർ സോം കുമാറിനെ കൊണ്ടുവന്ന കാര്യവും കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചു.
ഇന്ന് മറ്റൊരു ഒഫീഷ്യൽ പ്രഖ്യാപനം കൂടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഇന്ത്യൻ താരം ലിക്മാബം രാകേഷിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. അതായത് 2027 വരെ അദ്ദേഹം ഇവിടെ ഉണ്ടാകും.21 വയസ്സ് മാത്രമുള്ള ഈ താരം ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ നെരോക്ക എഫ്സിക്ക് വേണ്ടിയാണ് ഈ താരം കളിച്ചിട്ടുള്ളത്.ഇദ്ദേഹത്തിന്റെ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത് ഒരു ട്രോൾ വീഡിയോയിലൂടെയാണ്. അതായത് രാകേഷിനെ നേരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് രാകേഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ രാകേഷ് താൻ ബ്ലാസ്റ്റേഴ്സിൽ ചേർന്ന വിവരം സ്ഥിരീകരിക്കുകയായിരുന്നു.
ഇതാണ് ഒരു ട്രോൾ വീഡിയോ ആയിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ രൂപത്തിലാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് അനൗൺസ്മെന്റ് വൈകുന്നത് കൊണ്ട് താരങ്ങൾ സ്വയം അനൗൺസ് ചെയ്തു തുടങ്ങി എന്ന വലിയ വിമർശനങ്ങൾ ആരാധകരിൽ നിന്നും ക്ലബ്ബിനെ ഏൽക്കേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതൊരു ട്രോൾ വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങൾക്ക് ലഭിച്ച വിമർശനം ട്രോൾ ആക്കി മാറ്റുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.