കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ചൊരു നീക്കം,രണ്ട് ഭാവി വാഗ്ദാനങ്ങളെ സ്വന്തമാക്കി ടീമിലെത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആകെ 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് 13 പോയിന്റുകൾ നേടിക്കൊണ്ട് മുൻപന്തിയിൽ തന്നെ ക്ലബ്ബ് ഉണ്ട്. മത്സരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം ക്ലബ്ബ് നടത്തി എന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.പ്രതീക്ഷയർപ്പിച്ച താരങ്ങൾ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുമുണ്ട്.
നിലവിൽ ഇന്റർനാഷണൽ ബ്രേക്ക് ആണ്.ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ യുവ പ്രതിഭകളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.90ndstoppage ആണ് ഇക്കാര്യം എക്സ്ക്ലൂസീവ് ആയി കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 19 താരങ്ങളായ തോമസ് ചെറിയാൻ,മാലിക് സാഹിൽ ഖുർഷിദ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ഭാവിയിലേക്കുള്ള ഒരു നീക്കമാണ് ക്ലബ്ബ് ഇപ്പോൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഡിഫൻഡർ കൂടിയാണ് തോമസ് ചെറിയാൻ. കോഴിക്കോടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സിൽ നിന്നാണ് അദ്ദേഹം വരുന്നത്. നേരത്തെ ഗോകുലം കേരളയുടെ അക്കാദമിയിൽ കളിക്കാൻ ഈ പ്രതിരോധ നിര താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരമാണ് മാലിക്ക് സാഹിൽ ഖുർഷിദ്. റിയൽ കാശ്മീർ എഫ്സിയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരവ്.ഈ രണ്ടു താരങ്ങളും ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപാട് യുവതാരങ്ങൾക്ക് അവസരം നൽകുന്ന ഒരു ക്ലബ്ബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്നിട്ടുള്ള ഒരുപാട് താരങ്ങൾ ഇപ്പോൾ ക്ലബ്ബിന്റെ സീനിയർ ടീമിൽ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് ഭാവിയിൽ അവസരം ലഭിക്കുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ഇനി 25 ആം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഈ സീസണിൽ മികവിലേക്ക് ഉയരാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ അവർക്കെതിരെ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.