എനിക്കൊരു അവസരം ലഭിച്ചാൽ ഞാൻ ഗോളടിക്കുമെന്ന് എനിക്ക് തന്നെ അറിയാം:കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലും മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ചുമലിൽ ഏറ്റിയിരുന്നത് അദ്ദേഹമായിരുന്നു. 12 ഗോളുകളായിരുന്നു അദ്ദേഹം ഇതുവരെ നേടിയിരുന്നത്. ഈ സീസണിൽ ഇപ്പോൾ നാല് ഗോളുകൾ കൂടി സൂപ്പർതാരം സ്വന്തമാക്കി.അങ്ങനെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 16 ഗോളുകൾ പൂർത്തിയാക്കാൻ ദിമിക്ക് സാധിച്ചിട്ടുണ്ട്.
അതായത് ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്. 15 ഗോളുകൾ വീതം നേടിയിട്ടുള്ള അഡ്രിയാൻ ലൂണ,ഓഗ്ബച്ചെ എന്നിവരാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ദിമി ഒരിക്കൽ കൂടി തന്റെ മികവ് തെളിയിച്ചിരുന്നു.സ്ട്രൈക്കർ പൊസിഷനിൽ കളിക്കുക എന്നത് പലപ്പോഴും വളരെയധികം സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
അതുകൊണ്ടുതന്നെ മത്സരങ്ങളുടെ കാര്യത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാവാറുണ്ടോ എന്ന് ദിമിയോട് ചോദിച്ചിരുന്നു. എന്നാൽ സമ്മർദ്ദങ്ങൾ അനുഭവപ്പെടാത്ത ഒരു താരമാണ് താൻ എന്നാണ് ദിമി പറഞ്ഞിട്ടുള്ളത്. അവസരം ലഭിച്ചാൽ താൻ ഗോൾ നേടും എന്നുള്ളത് തനിക്ക് തന്നെ അറിയാമെന്നും ദിമി പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
എന്നെ സംബന്ധിച്ചിടത്തോളം സ്ട്രൈക്കർ പൊസിഷനിൽ കളിക്കുക എന്നത് സമ്മർദ്ദമുള്ള ഒരു കാര്യം ഒന്നുമല്ല. കാരണം എനിക്ക് എന്നെ തന്നെ നന്നായി അറിയാം.ഗോൾ നേടാനുള്ള ഒരു അവസരം ലഭിച്ചാൽ ഞാൻ ഗോൾ നേടും എന്നുള്ളത് എനിക്ക് തന്നെ അറിയാം. എന്നിൽ തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ ഇവിടെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഉണ്ട്, അത് ടീമിന്റെ കെമിസ്ട്രിയാണ്,അത് നിർണായകമായ ഒരു കാര്യമാണ്,ദിമി പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ദിമി വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ പഞ്ചാബിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.ഈ സീസണിൽ ഒരു റെഡ് കാർഡ് ലഭിച്ച താരം കൂടിയാണ് ദിമി. ഏതായാലും ഗോളടിക്കുക എന്ന ഉത്തരവാദിത്വം പ്രധാനമായും ഇപ്പോൾ അദ്ദേഹത്തിലാണ് ഉള്ളത്. കാരണം പെപ്ര ഗോളടിക്കുന്നതിൽ വളരെ പുറകിലാണ്.