ആരാധകരുടെ നിരാശ എനിക്ക് മനസ്സിലാവും, ഞങ്ങൾ വെറുതെ പോയതാണ്: സൂപ്പർ കപ്പിൽ പ്രതികരിച്ച് വുക്മനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് സീസണിന്റെ പകുതി ഫിനിഷ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കലിംഗ സൂപ്പർ കപ്പിൽ വലിയ പ്രതീക്ഷകൾ ആരാധകർ ഉണ്ടായിരുന്നു.
ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയെങ്കിലും ആ പ്രതീക്ഷകൾ പിന്നീട് തകർന്നടിയുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. അതിനുശേഷം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി വിടുകയും ചെയ്തു. അങ്ങനെ നിരാശകൾ മാത്രമാണ് സൂപ്പർ കപ്പ് ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.
എന്നാൽ ഇതിൽ വിശദീകരണം നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതായത് ഒഡീഷയിലേക്ക് പോയത് വെറുതെ ആ മൂന്നു മത്സരങ്ങൾ കളിച്ചു പോരാൻ വേണ്ടി മാത്രമാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.ആരാധകരുടെ നിരാശ തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധകരുടെ നിരാശ എനിക്ക് മനസ്സിലാകും. പ്രതീക്ഷകൾ വർധിക്കുമ്പോൾ നോർമലായി ഉണ്ടാവുന്ന ഒന്നാണ് അത്. സൂപ്പർ കപ്പ് ഉടനീളം ക്ലബ്ബിന് നിരാശ മാത്രമാണ് നൽകിയിട്ടുള്ളത്.പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം, മറ്റു താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യതകൾ, അതിനെയൊക്കെ നേരിട്ടാണ് ടീം കളിച്ചത്. ഒഡീഷ്യയിലെ മൂന്ന് മത്സരങ്ങൾ കളിച്ചുകൊണ്ട് തിരികെ കൊച്ചിയിലേക്ക് എത്തുക, അത് മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യം,അതിനപ്പുറത്തേക്ക് ഒന്നുമില്ലായിരുന്നു,വുക്മനോവിച്ച് പറഞ്ഞു.
അതായത് കിരീടം കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചിരുന്നില്ല.വെറുതെ പങ്കെടുക്കാൻ വേണ്ടിയാണ് പോയത്. എന്നാൽ ഇത് ആരാധകർക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ പ്രാധാന്യമുള്ളതാണ് എന്നാണ് ആരാധകരുടെ പക്ഷം.