ചെർനിച്ച് ഇന്നെത്തും, പരിക്കിൽ നിന്നും മുക്തനായ സൂപ്പർ താരം ആദ്യ മത്സരത്തിന് റെഡി,രണ്ടു താരങ്ങൾ പുറത്തിരിക്കും!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ റിസൾട്ടുകൾ. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടായിരുന്നു ആദ്യഘട്ടം ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നത്.
രണ്ടാംഘട്ടത്തിന്റെ ഫിക്സ്ചർ ഇന്നലെ പുറത്തേക്ക് വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഫെബ്രുവരി രണ്ടാം തീയതി ഒഡീഷക്കെതിരെയാണ് ആദ്യം മത്സരം കളിക്കുക.ഒഡീഷയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കൊച്ചി കലൂരിൽ മത്സരം തിരിച്ചെത്തുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.
പരിക്കുകൾ ബ്ലാസ്റ്റേഴ്സിന്റെ വലിയ വെല്ലുവിളി തന്നെയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. നായകൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി സ്വന്തമാക്കിയ ഫെഡോർ ചെർനിച്ച് ഇന്ന് കേരളത്തിൽ എത്തും.ഷൈജു ദാമോദരനാണ് ഈ വിവരം നൽകിയിട്ടുള്ളത്. എന്നാൽ അദ്ദേഹം എന്ന് ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്യും? ആദ്യ മത്സരത്തിന് അദ്ദേഹം റെഡിയാകുമോ എന്നുള്ളതൊന്നും വ്യക്തമല്ല.
അതേസമയം പരിക്ക് മൂലം ദീർഘകാലം പുറത്തായിരുന്നു ജീക്സൺ സിംഗ് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിന് അദ്ദേഹം തയ്യാറായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.ഇത് മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം ആശ്വാസം നൽകുന്ന ഒരു കാര്യം തന്നെയാണ്.പക്ഷേ മധ്യനിരയിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യമായ വിബിൻ മോഹനൻ ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. അദ്ദേഹം ആദ്യ മത്സരത്തിനു ഉണ്ടാവില്ല എന്നുള്ളത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.
അതിനേക്കാൾ ഉപരി ആശങ്ക നൽകുന്നത് പെപ്രയുടെ പരിക്കാണ്.അദ്ദേഹത്തിന്റെ പരിക്ക് ഒരല്പം സീരിയസാണ്. ഈ സീസണിന്റെ ഇനിയുള്ള വലിയൊരു ഭാഗം അദ്ദേഹത്തെ നഷ്ടമാകും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ചുരുക്കത്തിൽ പെപ്ര,വിബിൻ എന്നിവരൊക്കെ ഇല്ലാതെയാവും കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.പരിക്കിനെയും എതിരാളികളെയും മറികടക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.