പുതുതായി കൊണ്ടുവന്ന താരത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ്,ഒരു താരം ക്ലബ്ബ് വിട്ടു,രാഹുലിനായി വമ്പന്മാർ!
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തുന്നത്.ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സിനെ ഇനി നമുക്ക് കാണാൻ സാധിക്കുക. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഡ്യൂറന്റ് കപ്പിന് വേണ്ടി ഉടൻതന്നെ കൊൽക്കത്തയിലേക്ക് എത്തും.നിലവിൽ തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട റൂമറുകൾ ഒരുപാട് സജീവമാണ്.അതിലെ ചില അപ്ഡേറ്റുകൾ നമുക്കൊന്ന് പരിശോധിക്കാം. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ലിക്മാബം രാകേഷ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ താരത്തെ ബ്ലാസ്റ്റേഴ്സ് ഫ്രീ ട്രാൻസ്ഫറിലാണ് സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ കൈവിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. ലോൺ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിന് അദ്ദേഹത്തെ കൈമാറും. ഐ ലീഗ് ക്ലബുമായി ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ താരം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാനുള്ള സാധ്യതകൾ ഏറെയാണ്.
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ വിംഗ് ബാക്ക് താരമായിരുന്ന അരിത്ര ദാസിനെ ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. വളരെയധികം ടാലന്റ് ഉള്ള ഈ താരത്തെ ബ്ലാസ്റ്റേഴ്സ് കൈവിട്ടത് ആരാധകർക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം രാഹുൽ കെപിയുമായി ബന്ധപ്പെട്ടും റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പൻമാരായ ഈസ്റ്റ് ബംഗാളിന് താല്പര്യമുണ്ട്. അവർ അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളെ ഈസ്റ്റ് ബംഗാൾ കൊണ്ടുപോയിരുന്നു.ദിമി,ജീക്സൺ എന്നിവരാണ് താരങ്ങൾ. അവർക്ക് പുറമേ രാഹുൽ കൂടി അങ്ങോട്ട് പോകും എന്നാണ് റൂമറുകൾ.