ISL പോയിന്റ് പട്ടികയിലെ മുൻ നിര ക്ലബ്ബുകളിലൊന്ന് ഫ്രാൻ കർനിസെറിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചുവെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ.
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഒരു മികച്ച വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്.ഈ സീസണിൽ ഇനി ലൂണ കളിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ആ സ്ഥാനത്തേക്ക് ഒരു വിദേശ താരം ഉടൻതന്നെ വരുമെന്നുള്ളത് പരിശീലകൻ ഇവാൻ വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു.വെറുതെ ഒരു താരത്തിന് പകരം മികച്ച ഒരു താരത്തെയാണ് തങ്ങൾക്ക് ആവശ്യമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ഉറുഗ്വൻ സൂപ്പർ താരമായ നിക്കോളാസ് ലൊദെയ്റോയുടെ പേര് ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.പക്ഷേ അത് ഫലം കണ്ടില്ല.ബ്ലാസ്റ്റേഴ്സ് ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നത് വുക്മനോവിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സ്പെയിനിലെ പ്രധാനപ്പെട്ട മാധ്യമപ്രവർത്തകനായ എയ്ഞ്ചൽ ഗാർഷ്യ ഒരു റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ക്ലബ്ബുകളിൽ ഒന്ന് സ്പാനിഷ് താരമായ ഫ്രാൻ കർനിസെറിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നു എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ ക്ലബ്ബിന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.ഇദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബാണ് AD Ceuta എഫ്സി. അവർക്ക് വേണ്ടിയാണ് ഫ്രാൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ തന്നെയാണ് താരം കളിക്കുന്നത്. 32 വയസ്സുള്ള ഈ താരം ഒസാസാനയുടെ ബി ടീമിന് വേണ്ടിയൊക്കെ മുൻപ് കളിച്ചിട്ടുണ്ട്. ഏകദേശം രണ്ട് കോടിയോളം രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യു വരുന്നത്.ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും പല മത്സരങ്ങളിലും പകരക്കാരന്റെ റോളിലാണ് ഇറങ്ങിയിട്ടുള്ളത്.
അതായത് ടീം ആകെ കളിച്ച മിനുട്ടുകളിൽ 12% മിനിറ്റുകൾ മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഈ താരത്തിന് വേണ്ടി ശ്രമിക്കുന്നത് ഒന്നുകിൽ കേരള ബ്ലാസ്റ്റേഴ്സ് ആവാം,അല്ലെങ്കിൽ എഫ്സി ഗോവ ആവാം.എഫ്സി ഗോവയും വിദേശ താരത്തെ ഇപ്പോൾ തിരയുന്നുണ്ട്.ഈ രണ്ട് ക്ലബ്ബിൽ ഏതാണ് എന്നതിനാണ് ഇനി വ്യക്തത വരേണ്ടത്. ഗോവയാണ് എന്ന കാര്യത്തിൽ റൂമറുകൾ പ്രചരിക്കുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സാണോ എന്ന കാര്യത്തിൽ ആരാധകർ സംശയങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. താരവും താരത്തിന്റെ ക്ലബ്ബും ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നത് മാധ്യമപ്രവർത്തകൻ എയ്ഞ്ചൽ ഗാർഷ്യ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഏതായാലും ഈ റൂമറിന്റെ പുരോഗതിയൊക്കെ നോക്കി കാണേണ്ട കാര്യമാണ്.