ചെന്നൈയിൻ സൂപ്പർ താരത്തിനായി വിലയെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, വമ്പൻ നീക്കം

Kerala Blasters transfer target Chennaiyin FC foreign player: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ അവസാനിക്കുന്ന വേളയിൽ, അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ക്ലബ്ബുകൾ. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദയനീയമായ ഒരു ഐഎസ്എൽ സീസൺ ആണ് കടന്നു പോയത്. അതുകൊണ്ടുതന്നെ ടീമിൽ വലിയ മാറ്റങ്ങൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

ഇതിന്റെ ആദ്യപടിയായി ഇപ്പോൾതന്നെ ട്രാൻസ്ഫർ രംഗത്ത് കേരള ബ്ലാസ്റ്റേഴ്സ് സജീവമാകാൻ തുടങ്ങിയിരിക്കുന്നു. നിലവിൽ സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ വിദേശ താരങ്ങളുടെ ക്വാട്ട ഫുൾ ആണെങ്കിലും, അടുത്ത ഐഎസ്എൽ സീസണിന് മുന്നോടിയായി ചില വിദേശ താരങ്ങൾ പുറത്തുപോകും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഘാന സ്ട്രൈക്കർ ക്വാമി പെപ്ര അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ തുടരാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതേസമയം ഇപ്പോൾ, 2023 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഒരു വിദേശ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഓഫർ വച്ചിരിക്കുന്നു. 

ചെന്നൈയിൻ എഫ്സി താരം കോണോർ ഷീൽഡ്സിന് വേണ്ടി ആണ് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിരിക്കുന്നത്. സ്കോട്ടിഷ് താരമായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈയിന് വേണ്ടി കളിച്ചു. 38 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും കോണോർ ഷീൽഡ്സ് നേടിയിട്ടുണ്ട്. 27-കാരനായ താരം സ്ട്രൈക്കർ റോളിലും കളിക്കാൻ പ്രാപ്തനാണ്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന് പുറമേ ഈസ്റ്റ് ബംഗാൾ, ബംഗളൂരു എഫ് സി എന്നീ ഐഎസ്എൽ ടീമുകളും ചെന്നൈയിൻ താരത്തിനായി ഓഫർ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ ലഭ്യമാകുന്നു. 

വിദേശ കളിക്കാരിൽ മാറ്റം കൊണ്ടുവരുന്നത് പോലെ തന്നെ, ഇന്ത്യൻ താരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത ഏറെയാണ്. ടീമിന്റെ അടുത്ത സീസണിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പുതിയ മുഖ്യ പരിശീലകനായി ഡേവിഡ് കറ്റാലയെ അടുത്തിടെ നിയമിച്ചിരുന്നു. നിലവിൽ ഏപ്രിൽ 20-ന് ആരംഭിക്കുന്ന സൂപ്പർ കപ്പ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ നിൽക്കുന്ന പ്രധാന വെല്ലുവിളി. സൂപ്പർ കപ്പിന് ശേഷം ആകും നിർണായക ട്രാൻസ്ഫർ നീക്കങ്ങൾക്ക് തുടക്കം ആവുക. 

Adrian Lunaindian Super leagueKerala Blasters
Comments (0)
Add Comment