ദിമി ആ ക്ലബ്ബിലേക്ക് പോകാൻ തന്നെയാണ് സാധ്യത,മുൻ നോർത്ത് ഈസ്റ്റ് താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി പ്രവർത്തിക്കുന്ന താരമാണ് ദിമി എന്ന കാര്യത്തിൽ ആർക്കും തർക്കങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത് ദിമിയാണ്. ആകെ 13 ഗോളുകൾ നേടിയ താരമാണ് നിലവിലെ ഐഎസ്എൽ ടോപ്പ് സ്കോറർ. ലഭിക്കുന്ന അർധാവസരങ്ങൾ പോലും അദ്ദേഹം ഗോളാക്കി മാറ്റുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും ആത്മാർത്ഥതയോടെ കൂടി കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. അത് പുതുക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. പുതിയ ഒരു ഓഫർ നൽകിയിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാനുള്ള ഒരു സമീപനം ഇതുവരെ ഈ താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയാണ് ഇപ്പോഴും സാധ്യതകൾ.
ഈസ്റ്റ് ബംഗാൾ പിന്മാറിയിട്ടില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഒരു വലിയ ബിഡ് താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ് ബംഗാൾ.ദിമി ആ ഓഫർ സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ് എന്നുള്ളത് ബ്ലാസ്റ്റേഴ്സ് മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ പകരം സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തെ പരിഗണിക്കുന്നുമുണ്ട്.
2023 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ഇബ്സൺ മെലോ. 2023 എന്ന വർഷത്തിൽ 9 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ബ്രസീലിയൻ സിഎസ് എസ്പോർട്ടിവയുടെ ഭാഗമാണ് അദ്ദേഹം.എട്ടുമത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹവുമായുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.34കാരനായ താരത്തെ എത്തിക്കുന്നത് എത്രത്തോളം ഗുണകരമാകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.