ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.പഞ്ചാബിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ വിജയം നേടിയത്. രണ്ട് മത്സരങ്ങളിലെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഗോളുകൾ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.പക്ഷേ ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റിയാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഫിനിഷിംഗിലെ അപാകതകൾ മാറ്റി നിർത്തിയാൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തി. മാത്രമല്ല മത്സരത്തിൽ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയാകുന്ന ഒരു കാഴ്ചയും നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. അതായത് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിച്ചിരുന്നു.
മധ്യനിരയിലെ മലയാളി സൂപ്പർതാരമായ വിബിൻ മോഹനനായിരുന്നു ആ ഫ്രീകിക്ക് എടുത്തിരുന്നത്. ഒരു കിടിലൻ ഫ്രീകിക്ക് തന്നെയാണ് അദ്ദേഹത്തിൽ നിന്നും പിറന്നത്.നിർഭാഗ്യം കൊണ്ട് മാത്രമാണ് അത് ഗോളാവാതെ പോയത്. അദ്ദേഹത്തിന്റെ കിക്ക് പോസ്റ്റിൽ ഇടിച്ച് മടങ്ങി വരികയായിരുന്നു.എന്നാൽ നിർഭാഗ്യം അവിടംകൊണ്ടും അവസാനിച്ചില്ല.റീബൗണ്ട് വന്ന ബോൾ ചെറിയ നീക്കങ്ങൾക്ക് ശേഷം ബോക്സിന് അകത്ത് ഉണ്ടായിരുന്ന ഡിഫൻഡർ മാർക്കോ ലെസ്ക്കോവിചിലേക്ക് എത്തുകയായിരുന്നു.അദ്ദേഹം അത് കൃത്യമായി ഹെഡ് ചെയ്തു.
പക്ഷേ അവിടെയും നിർഭാഗ്യം വിലങ്ങ് തടിയായി.ആ ഹെഡറും പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.അങ്ങനെ പഞ്ചാബ് ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കുറഞ്ഞ നിമിഷങ്ങൾക്കിടെ രണ്ട് തവണയാണ് നിർഭാഗ്യം ക്ലബ്ബിന് വില്ലനായത്.
മാത്രമല്ല വേറെയും അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.എന്നാൽ അതൊന്നും ഗോളാക്കാൻ സാധിക്കാതെ പോവുകയായിരുന്നു.ഏതായാലും ലൂണ ഉൾപ്പെടെയുള്ള ചില പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെ എവേ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നത് തീർത്തും സന്തോഷകരമായ കാര്യമാണ്. പക്ഷേ മികച്ച പ്രകടനം നടത്തിയിട്ടും അതിനനുസരിച്ചുള്ള ഒരു മികച്ച റിസൾട്ട് ഇല്ലാത്തത് ആരാധകർക്ക് നിരാശ നൽകുന്നുണ്ട്.