കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയെയാണ് നേരിടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് ഗോവയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഗോവയുടെ മൈതാനമായ ഫറ്റോർഡ സ്റ്റേഡിയമാണ് ഈ മത്സരത്തിന് സാക്ഷിയാവുക. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും ഈ മത്സരം.
കാരണം ഗോവ കരുത്തരാണ്.അപരാജിതരാണ്.ഈ സീസണിൽ ഒരു ക്ലബ്ബിനും ഗോവയെ പരാജയപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ആ വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്സിന് മറികടക്കേണ്ടത്.അതും അവരുടെ തട്ടകത്തിൽ വച്ചുകൊണ്ട്.ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും എളുപ്പമാവില്ല.മാത്രമല്ല കടലാസിലെ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലവുമല്ല.
അതായത് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഗോവയെ ഫറ്റോർഡയിൽ വെച്ച് പരാജയപ്പെടുത്തിയത് വർഷങ്ങൾക്കു മുന്നേയാണ്.കൃത്യമായി പറഞ്ഞാൽ 2016ൽ. അതിനുശേഷം ഇപ്പോൾ 7 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.ഇതുവരെ അവരുടെ തട്ടകത്തിൽ വച്ച് അവരെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.2016ൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ തട്ടകത്തിൽ വച്ച് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അന്ന് പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് ആരാധകരുടെ കോപ്പലാശാനായിരുന്നു.
ആ സീസണിൽ നടന്ന രണ്ടു മത്സരങ്ങളിലും ഗോവയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഗോവയും ബ്ലാസ്റ്റേഴ്സും ഏറ്റവും അവസാനമായി തമ്മിൽ ഏറ്റുമുട്ടിയത് ഈ വർഷത്തിന്റെ തുടക്കത്തിലാണ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.അങ്ങനെ കണക്കുകൾ ഒട്ടും ബ്ലാസ്റ്റേഴ്സിന് അനുകൂലമല്ല.
മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരുന്നു.അത് ആരാധകർക്ക് നിരാശ നൽകുന്നുണ്ട്. എന്തെന്നാൽ ആരാധകർ അടിയുറച്ചു വിശ്വസിക്കുന്നത് ആ മത്സരത്തിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു എന്നാണ്. പിഴവുകളും പോരായ്മകളും എല്ലാം നികത്തിക്കൊണ്ട് ഗോവക്കെതിരെ മികച്ച പോരാട്ട വീരത്തോട് കൂടി കേരള ബ്ലാസ്റ്റേഴ്സ് കളിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.