കേരള ബ്ലാസ്റ്റേഴ്സ് അത്ഭുതകരമായ ഒരു തിരിച്ചുവരവാണ് എഫ്സി ഗോവക്കെതിരെ നടത്തിയത്. ഐഎസ്എലിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടുകൂടി ആരാധകർ കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു.അതുകൊണ്ടുതന്നെ നിർബന്ധമായും വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഗോവക്കെതിരെ ഇറങ്ങിയത്. പക്ഷേ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ അവിശ്വസനീയമായ കാര്യങ്ങൾ സംഭവിച്ചു.നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.ഇത്തരത്തിലുള്ള ഒരു വിജയം ചരിത്രം തന്നെയാണ്. നിരവധി റെക്കോർഡുകളും കണക്കുകളും മാറ്റിയെഴുതപ്പെട്ട ഒരു മത്സരം കൂടിയാണ് ഇത്.ഐഎസ്എൽ തന്നെ അതെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില കണക്കുകൾ നമുക്കൊന്ന് നോക്കാം.
രണ്ടോ അതിലധികമോ ഗോളുകൾ ലീഡ് നേടിയതിന് ശേഷം ആദ്യമായാണ് ഗോവ തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ പരാജയം ഏറ്റുവാങ്ങുന്നത്. 53 മത്സരങ്ങളിൽ വിജയവും ഒരു മത്സരത്തിൽ സമനിലയും അവർ നേടിയിട്ടുണ്ട്. അതേസമയം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടോ അതിലധികമോ ഗോളുകൾക്ക് പിറകിൽ പോയതിനുശേഷം വിജയം സ്വന്തമാക്കുന്നത്.38 മത്സരങ്ങളിൽ 32 മത്സരങ്ങളിലും ഇത്തരത്തിൽ പരാജയപ്പെടുകയും അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിന്റെ ഒരു പകുതിയിൽ നാലോ അതിലധികമോ ഗോളുകൾ ഗോവ വഴങ്ങുന്നത് ഇത് മൂന്നാമത്തെ തവണ മാത്രമാണ്.ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിലാണ് ഗോവ നാല് ഗോളുകളും വഴങ്ങിയത്.കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ഒരു പകുതിയിൽ നാലോ അതിലധികമോ ഗോളുകൾ സ്വന്തമാക്കുന്നത്. ആദ്യമായാണ് മനോളോ മാർക്കസ് ഐഎസ്എല്ലിൽ ഒരു മത്സരത്തിൽ നാലു ഗോളുകൾ വഴങ്ങുന്നത്. മാത്രമല്ല രണ്ടു ഗോളുകൾ ലീഡ് നേടിയതിനുശേഷം പിന്നീട് തോൽവി വഴങ്ങുന്നതും മനോളോയുടെ ഐഎസ്എൽ കരിയറിൽ ആദ്യമാണ്.
സ്വന്തം മൈതാനത്ത് ആദ്യ അരമണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് 2 ഗോളുകൾ വഴങ്ങുന്നത് ഇത് മൂന്നാമത്തെ തവണയാണ്. ഒരു മത്സരത്തിൽ മൂന്നോ അതിലധികമോ ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ താരം മാത്രമാണ് ദിമി. ഗോവക്കെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റമാണ് താരം നേടിയത്.ഇങ്ങനെ പല കണക്കുകളും പിറന്ന ഒരു മത്സരമാണ് അവസാനിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനും ഗോവക്കും തങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടേണ്ടി വരുന്നത്.