കൊച്ചിയിലെ കണക്ക് വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെതിരെ, ഒരു അവസാന അങ്കം
Kerala Blasters vs Hyderabad FC clash in the final ISL league phase fixture: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിലെ അവസാനത്തെ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹൈദരബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ മാർച്ച് 12-ന് രാത്രി 7:30-ന് ഹൈദരബാദ് എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 2 – 1 ന് ഹൈദരബാദ് എഫ്‌സി കൊച്ചിയിൽ ജയിച്ചിരുന്നു.
പ്ലേ ഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ഐഎസ്എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാനത്തെ മത്സരം കൂടിയാണിത്. ഇരു ടീമുകളും പ്ലേ ഓഫിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു. 23 മത്സരങ്ങളിൽ നിന്നും നാല് ജയവും അഞ്ച് സമനിലയും 14 തോൽവിയുമായി 17 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ഹൈദരബാദ് എഫ്‌സി. അതെ എണ്ണം മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും 11 തോൽവിയും നേടി 28 പോയിന്റോടെ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.
ഒരു ജയത്തോടെ സീസണിന് വിരാമമിട്ട്, സൂപ്പർ കപ്പ് ലക്ഷ്യമാക്കി നീങ്ങുവാനായിരിക്കും മലയാളി പരിശീലകർ നയിക്കുന്ന ഇരു ടീമുകളുടെയും ശ്രമം. അവസാനത്തെ എവേ മത്സരത്തിൽ ഗോൾ നേടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവക്കെതിരായ ആ മത്സരത്തിൽ ടീം തോറ്റത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്. വീണ്ടും ഗോൾ നേടാൻ സാധിക്കാതിരുന്നാൽ, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങൾക്ക് ശേഷം തുടർച്ചയായ മത്സരങ്ങളിൽ ഇത്തരത്തിൽ വഴങ്ങുന്നത് ആദ്യമായിരിക്കും.
ക്ലീൻ ഷീറ്റ് ഇല്ലാതെ അഞ്ച് മത്സരങ്ങളിലൂടെ കടന്നു പോയ കേരള ബ്ലാസ്റ്റേഴ്‌സ്, അവസാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലെ 1 – 0 ജയത്തിലൂടെ ആ യാത്ര അവസാനിപ്പിച്ചു. സീസൺ അവസാനിക്കാനിരിക്കെ, 2023 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ ക്ലീൻ ഷീറ്റുകൾ രേഖപെടുത്തുന്നതിലായിരിക്കും ടീമിന്റെ ശ്രദ്ധ. ഇതുവരെ 12 തവണ ഇരു ടീമുകളും ഐഎസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരങ്ങളിൽ ഹൈദരബാദ് എഫ്‌സിയും ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചു.