കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ വമ്പൻമാരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബുധനാഴ്ച രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈയ്ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് വരുന്നത്.
മുംബൈയും മോഹൻ ബഗാനം തമ്മിൽ നടന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല.നിരവധി വിവാദങ്ങളിൽ സമ്പന്നമായിരുന്നു ആ മത്സരം. 7 റെഡ് കാർഡുകളും 11 യെല്ലോ കാർഡുകളും ആ മത്സരത്തിൽ പിറന്നിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് നാല് മുംബൈ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം നഷ്ടമായിരുന്നു.ഗ്രെഗ് സ്റ്റുവർട്ടൊന്നും ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചിരുന്നില്ല.
ഇനി വരുന്ന മത്സരത്തിൽ മോഹൻ ബഗാന്റെ ഏതൊക്കെ താരങ്ങൾ കളിക്കും? ഏതൊക്കെ താരങ്ങൾ പുറത്തിരിക്കും എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത്. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ 3 മോഹൻ മോഹൻ ബഗാൻ താരങ്ങൾക്കാണ് റെഡ് കാർഡ് ലഭിച്ചത്.അതിൽ ലിസ്റ്റൻ കൊളാസോക്ക് കടുത്ത നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. അതായത് അദ്ദേഹത്തിന് 4 മത്സരങ്ങളിൽ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ കളിക്കാൻ ലിസ്റ്റന് സാധിക്കില്ല.
അതേസമയം റെഡ് കാർഡുകൾ ലഭിച്ച മറ്റു രണ്ടു താരങ്ങൾ ആശിഷ് റായിയും ഹെക്ടർ യൂസ്റ്റേയുമാണ്.ഇരുവർക്കും ഒരു മത്സരത്തിൽ മാത്രമാണ് സസ്പെൻഷൻ. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഈ രണ്ട് താരങ്ങളെയും മോഹൻ ബഗാന് ലഭ്യമാണ് എന്നുള്ള കാര്യം മാർക്കസ് മർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് താരങ്ങളുടെയും വിലക്ക് അവസാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഒരു വമ്പൻ തോൽവിയായിരുന്നു മോഹൻ ബഗാന് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോവ മോഹൻ ബഗാനെ തോൽപ്പിച്ചത്. അതിന് മുൻപ് നടന്ന മത്സരത്തിൽ മുംബൈയോട് അവർ തോൽക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ തിരിച്ചടികൾ ഒരുപാട് നേരിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ മോഹൻ ബഗാൻ വരുന്നത്.