കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. ക്ലബ്ബ് തന്നെയാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് ഇത് അറിയിച്ചിട്ടുണ്ട്. ഇനി കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ ഇവാൻ വുക്മനോവിച്ച് ഉണ്ടാവില്ല.
കഴിഞ്ഞ മൂന്ന് സീസണുകളും ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട ഇവാനാശാനാണ്.ആദ്യതവണ തന്നെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുശേഷം ഉള്ള രണ്ട് തവണ പ്ലേ ഓഫിലും എത്തി.ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയത് വുക്മനോവിച്ചിന്റെ കീഴിലാണ്.ഇങ്ങനെ അഭിമാനാർഹമായ പലതും നൽകിക്കൊണ്ടാണ് അദ്ദേഹം വിട പറയുന്നത്.
പക്ഷേ അപ്പോഴും ഒരു കിരീടം ബ്ലാസ്റ്റേഴ്സിന് നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് നിരാശ ഉയർത്തുന്ന കാര്യമാണ്.എന്നാൽ ഈ സീസണിലെ പ്രകടനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല.ഫുൾ സ്‌ക്വാഡ് ലഭിച്ചപ്പോൾ ക്ലബ്ബിനെ നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പരിക്കുകളും വിലക്കുകളും മറ്റ് പ്രശ്നങ്ങളും വന്നപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഏതായാലും ഇനി ഒരു അവസരം ഇവാന് നൽകാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.
ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേറ്റ്മെന്റിന്റെ അവസാനഭാഗത്ത് അവർ ആരാധകർക്ക് ഒരു ഉറപ്പ് നൽകുന്നുണ്ട്.അതായത് മികച്ച ഒരു പരിശീലകനെ പകരക്കാരനായി കൊണ്ടുവരും എന്നുള്ള ഒരു ഉറപ്പാണ് ബ്ലാസ്റ്റേഴ്സ് നൽകുന്നത്. പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം ഉടനെ തന്നെ ആരംഭിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ വിഷനും ലക്ഷ്യങ്ങൾക്കും ഏറ്റവും അനുയോജ്യനായ ഒരു പരിശീലകനെയാണ് തങ്ങൾ കണ്ടെത്തുക എന്നാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്.
സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസിനാണ് പ്രധാനമായും ഈ ഒരു ഉത്തരവാദിത്വം വരിക. മികച്ച പരിശീലകനെ തന്നെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ ഉള്ളത്.