കേരള ബ്ലാസ്റ്റേഴ്സ് എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് കൃത്യമായി പറഞ്ഞ് പരിശീലകൻ.

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് ഒരല്പം നിരാശ നൽകുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് കൈകൊടുത്ത് പിരിഞ്ഞത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും അത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ അപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരവധി മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നടത്തി. നിർഭാഗ്യവും റഫറിയുമാണ് ബ്ലാസ്റ്റേഴ്സിനെ ഗോളിൽ നിന്നും തടഞ്ഞുനിർത്തിയത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി.

ഗോൾ നേടിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കുറയുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പിന്നീട് വിജയഗോൾ നേടാനാവാതെ പോയത്.ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകളായി കൊണ്ട് ഇതൊക്കെ തന്നെയാണ് പരിശീലകൻ ഫ്രാങ്ക്‌ ഡോവൻ പറഞ്ഞിട്ടുള്ളത്.മുന്നേറ്റ നിരയിലാണ് ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടേണ്ടത് എന്നാണ് ഇദ്ദേഹം കൃത്യമായി വിലയിരുത്തുന്നത്.

കളിക്കളത്തിൽ ഫൈനൽ തേഡിൽ ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റണം. അതുകൊണ്ടുതന്നെ ഒഫൻസീവായിട്ട് മെച്ചപ്പെടാൻ ഞങ്ങൾക്ക് ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ സമനില ഗോൾ നേടിയതിനു ശേഷം പിന്നീട് ടീമിന്റെ ആ ഊർജ്ജം നഷ്ടമാവുകയായിരുന്നു. ഗോൾ നേടാനുള്ള ഒരു ത്വര പിന്നീട് കണ്ടില്ല,അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല,കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ സ്ട്രൈക്കർമാരും കഴിഞ്ഞ മത്സരത്തിൽ ഒരുമിച്ച് ഇറങ്ങിയിരുന്നു.എന്നിട്ട് ഗോളടിക്കാൻ രണ്ടുപേർക്കും കഴിഞ്ഞിരുന്നില്ല. മുന്നേറ്റ നിരയിലെ താരങ്ങൾ ഗോളടിക്കുന്നില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്ക നൽകുന്ന കാര്യമാണ്. അധികം വൈകാതെ തന്നെ ഇതെല്ലാം പരിഹരിക്കപ്പെടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Frank Dauwenindian Super leagueKerala Blasters
Comments (0)
Add Comment