കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിട്ടും അതിന് ആനുപാതികമായി സൈനിങ്ങുകൾ ഒന്നും തന്നെ നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.പക്ഷേ വിദേശ താരങ്ങളായിക്കൊണ്ട് മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് നോഹിനെ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ നേട്ടം.
ഡിഫൻസിൽ ഫ്രഞ്ച് താരം അലക്സാൻഡ്രെ കോയെഫ് ബ്ലാസ്റ്റേഴ്സിനായി അണിനിരക്കും.കൂടാതെ സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്ക് ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. സ്പാനിഷ് താരമായ ജീസസ് യൂറോപ്പിലും അമേരിക്കയിലും കളിച്ചിട്ടുണ്ട്. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മികവ് കാണിക്കുന്ന താരമാണ് ജീസസ്.
പക്ഷേ കൂടുതൽ ട്വിസ്റ്റുകൾ ക്ലബ്ബിനകത്ത് സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് മുന്നേറ്റ നിരയിലെ വിദേശ താരങ്ങളായ ജോഷുവ സോറ്റിരിയോ,പെപ്ര എന്നിവരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. ഇതിൽ സോറ്റിരിയോ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത.പെപ്രയെ നിലനിർത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെയും ഒഴിവാക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
ഈ രണ്ടു താരങ്ങളെയും ഒഴിവാക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ സാന്നിധ്യങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു താരത്തെ കൂടി എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.അർജന്റൈൻ യുവ താരമായ ഫിലിപ്പേ പാസഡോറിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അദ്ദേഹം വരികയാണെങ്കിൽ സോറ്റിരിയോ,പെപ്ര എന്നിവർ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത.
ഒരുപാട് വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സമീപകാലത്ത് ഏൽക്കേണ്ടി വന്നിട്ടുള്ളത്. മികച്ച താരങ്ങളെ വിറ്റഴിച്ചതിനും അതിനൊത്ത പകരക്കാരെ കൊണ്ടുവരാത്തതിനും ആയിരുന്നു വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. ഒന്ന് രണ്ട് താരങ്ങളെ മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സിലെ ഭൂരിഭാഗം വരുന്ന താരങ്ങളും ശരാശരി താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷകൾ വെക്കേണ്ടതില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്.ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് കൂടുതൽ സൈനിങ്ങുകൾ നിർബന്ധമാണ്.