പിള്ളേര് പൊളിച്ചടുക്കി,തകർപ്പൻ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തി!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
ലീഗിലെ ഏറ്റവും ദുർബലരോടാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചതെങ്കിലും ഈ വിജയം കോൺഫിഡൻസ് നൽകുന്ന ഒന്നാണ്.ഒരു വലിയ ഇടവേളക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയ വഴിയിലേക്ക് തിരിച്ചെത്തുന്നത്. യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു ഇലവനുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്.ദിമി,ലൂണ എന്നിവരൊന്നും മത്സരത്തിന്റെ ഭാഗമായിട്ടില്ല. എന്നാൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടു എന്ന റൂമർ ഉണ്ടായിരുന്ന ചെർനിച്ച് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.
ഐമൻ,പണ്ഡിത എന്നിവരെ മുൻനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ നെയ്തത്. മത്സരത്തിന്റെ 34ആം മിനിട്ടിലാണ് ഐമൻ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്.മണ്ടലിന്റെ തകർപ്പൻ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ഐമൻ ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഈ ഗോളിന്റെ ലീഡിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ കളം വിട്ടു.
രണ്ടാം പകുതിയിൽ സക്കായിയുടെ ഗോൾ പിറന്നു. അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് സൗരവ് മണ്ടലിനാണ്. അദ്ദേഹത്തിന്റെ മികച്ച അസിസ്റ്റിൽ എന്നാണ് സക്കായ് ഗോൾ കണ്ടെത്തിയത്.82ആം മിനുട്ടിൽ നിഹാൽ സുദീഷിന്റെ ഗോൾ വന്നു. അസിസ്റ്റ് നൽകിയത് ഐമനാണ്. എന്നാൽ 89 ആം മിനിട്ടിൽ ജോവോ വിക്ടർ ഒരു പവർഫുൾ ഷോട്ടിലൂടെ ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് നഷ്ടമായി.
22 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുണ്ട്.ഇനി പ്ലേ ഓഫ് മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഒഡീഷയായിരിക്കും മിക്കവാറും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.