ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനമാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് റിസൾട്ട്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി.
എന്നാൽ മൂന്നാമത്തെ മത്സരത്തിൽ CISFനെ 7 ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഇങ്ങനെ അസാധാരണമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നതെങ്കിലും മറുഭാഗത്ത് ദുർബലരായ എതിരാളികളായിരുന്നു എന്നത് നമ്മൾ പരിഗണിക്കേണ്ട കാര്യമാണ്. പക്ഷേ ഇനിയുള്ള മത്സരങ്ങളിലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ശക്തി ദൗർബല്യങ്ങൾ യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടും.എന്നിരുന്നാലും ഒരു കാര്യത്തിൽ ആരാധകർക്ക് ആശ്വസിക്കാം. വളരെ ഗൗരവത്തോടുകൂടി തന്നെയാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പിനെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് യാതൊരുവിധ ദയാ ദാക്ഷിണ്യവും കൂടാതെ ഇങ്ങനെ ഗോളുകൾ അടിച്ചുകൂട്ടുന്നത്. ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സ് നേടാൻ സാധ്യതയുണ്ടോ? ചോദ്യം മധ്യനിരതാരമായ ഡാനിഷ് ഫറൂഖിനോടാണ്.മറ്റുള്ള ചില ടീമുകൾ നന്നായി കളിക്കുന്നുണ്ടെന്നും, എന്നിരുന്നാലും കിരീടം നേടാൻ പരമാവധി ശ്രമിക്കും എന്നുമാണ് ഡാനിഷ് ഇതിന് മറുപടിയായി കൊണ്ട് നൽകിയിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
‘ ഇതുവരെ ഞങ്ങൾ മികച്ച രൂപത്തിലാണ് കളിച്ചിട്ടുള്ളത്. എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.പക്ഷേ കിരീടം നേടാൻ വേണ്ടി മറ്റു ചില ടീമുകളും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇത്തവണ കിരീടം നേടാൻ ഞങ്ങൾക്ക് നല്ല സാധ്യതകൾ ഉണ്ട്.പക്ഷേ ഞങ്ങൾ നന്നായി ഫോക്കസ് ചെയ്യണം.പ്ലാനുകളിൽ നിന്നും വൃതി ചലിക്കാൻ പാടില്ല.ഏറ്റവും മികച്ച പ്രകടനം തന്നെ ഞങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്. എന്നിട്ട് എന്ത് സംഭവിക്കും എന്ന് നോക്കാം ‘ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ക്വാർട്ടറിൽ ആരായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എന്നുള്ളത് ഇതുവരെ തീരുമാനമായിട്ടില്ല.ആരെ ലഭിച്ചാലും ബ്ലാസ്റ്റേഴ്സ് അവരെ പരാജയപ്പെടുത്തും തന്നെയാണ് ആരാധക പ്രതീക്ഷകൾ.