തിരിച്ചുവരവിൽ ഹീറോയായി ഡ്രിൻസിച്ച്,പറപറന്ന് സച്ചിൻ,വീണ്ടും വിജയകാഹളം മുഴക്കി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനമായ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
മുഹമ്മദ് ഐമനായിരുന്നു സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയിരുന്നത്. മാത്രമല്ല മൂന്ന് മത്സരങ്ങളിലെ വിലക്ക് അവസാനിച്ചുകൊണ്ട് ഡ്രിൻസിച്ച് സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു. മികച്ച പ്രകടനം തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുണ്ട്. പലപ്പോഴും മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചുവെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി മാറുകയായിരുന്നു.
മത്സരത്തിന്റെ 41ആം മിനിട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്.ലൂണയുടെ ക്രോസ് ബോക്സിൽ ഉണ്ടായിരുന്ന ഡ്രിൻസിച്ച് വളരെ വിദഗ്ധമായി കൊണ്ട് വലയിലേക്ക് എത്തിക്കുകയായിരുന്നു.ഈ ഗോൾ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല.മത്സരത്തിന്റെ അവസാനത്തിൽ സമനില ഗോളിന് വേണ്ടി ഹൈദരാബാദ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു.
അവിടെ രക്ഷക്ക് എത്തിയത് സച്ചിൻ സുരേഷാണ്. പതിവുപോലെ തകർപ്പൻ സേവുകളാണ് മത്സരത്തിന്റെ അവസാന മിനിട്ടുകളിൽ ഈ മലയാളി ഗോൾകീപ്പർ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം കരസ്ഥമാക്കാൻ സാധിച്ചു. വിജയത്തോടുകൂടി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.
ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് ഉള്ള ഗോവ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.