2024 ബ്ലാസ്റ്റേഴ്സിന് ദുരന്തവർഷം,കണക്കുകൾ പരമ ദയനീയം,ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാൻ കഴിഞ്ഞില്ല!
ഐഎസ്എല്ലിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. തുടർച്ചയായി വിജയങ്ങൾ നേടാൻ സാധിച്ചു. സൂപ്പർ കപ്പിന് പിരിയുന്നതു വരെ ഒന്നാം സ്ഥാനത്ത് സജീവമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു. ആരാധകർ ആ ഘട്ടത്തിൽ ഷീൽഡ് സ്വപ്നം പോലും വെച്ച് പുലർത്തിയിരുന്നു.
പക്ഷേ ആ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്. സൂപ്പർ കപ്പിലെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്സ് വിജയിച്ചു. അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടു. പിന്നീടിങ്ങോട്ട് പരാജയങ്ങളുടെ തുടർക്കഥയായിരുന്നു. കേവലം വിജയം മാത്രമാണ് പിന്നീട് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞത്. അതും പരാജയത്തിന്റെ വക്കിൽ നിന്നും അവിശ്വസനീയമായ രീതിയിൽ തിരിച്ചുവന്നുകൊണ്ട്.
2024 എന്ന വർഷം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണ്ണമായ ഒരു വർഷമാണ്.കണക്കുകൾ ഹൃദയഭേദകമാണ്. ആകെ ഈ വർഷം 12 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഒരു മത്സരത്തിൽ സമനില വഴങ്ങി. ബാക്കി വരുന്ന എല്ലാ മത്സരങ്ങളിലും അഥവാ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു എവേ വിജയം നേടിയിട്ട് 103 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. മോഹൻ ബഗാനെതിരെയായിരുന്നു ആ വിജയം.2024ൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 18 ഗോൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. പക്ഷേ അതിന് നന്ദി പറയേണ്ടത് ദിമി എന്ന സ്ട്രൈക്കറോട് ആവും.ഭൂരിഭാഗം ഗോളുകളും അദ്ദേഹമാണ് നേടിയിട്ടുള്ളത്. അതേസമയം ഇത്രയും മത്സരങ്ങളിൽ 28 ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഡിഫൻസ് എത്രത്തോളം മോശമായി എന്നതിന്റെ തെളിവാണ് ഇത്.
ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് എല്ലാംകൊണ്ടും ഇപ്പോൾ തകർന്നടിഞ്ഞു.ഒരു പരിധിവരെ പരിക്കുകളെ കുറ്റപ്പെടുത്താമെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും പരിശീലകനുമെല്ലാം ഇതിന്റെ ഉത്തരവാദിത്തമുണ്ട്.ഇനി ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അവസാനമത്സരം കളിക്കുക.