മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും ആ മോഹം പേറി നടക്കുന്നതിൽ കാര്യമുണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു മികച്ച തുടക്കം ലഭിച്ചിരുന്നു.പ്രത്യേകിച്ച് ഐഎസ്എലിന്റെ ആദ്യഘട്ടം വളരെ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ കരുത്തരെ തോൽപ്പിച്ചുകൊണ്ട് ഒന്നാമൻമാരായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യഘട്ടം അവസാനിപ്പിച്ചിരുന്നത്.പക്ഷേ കലിംഗ സൂപ്പർ കപ്പിൽ തൊട്ടതെല്ലാം ക്ലബ്ബിന് പിഴക്കുകയായിരുന്നു.

കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബ്ലാസ്റ്റേഴ്സിന് രണ്ട് തോൽവികൾ വഴങ്ങേണ്ടിവന്നു. ജംഷഡ്പൂർ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അതിൽ നിന്നും കരകയറാൻ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ്യ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിരുന്നു.എന്നാൽ രണ്ടാം പകുതി മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. ഒരുപാട് പിഴവുകൾ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്നും ഉണ്ടായി. മാത്രമല്ല പകരക്കാരെ കൃത്യമായി ഉപയോഗപ്പെടുത്താൻ ക്ലബ്ബിന് കഴിഞ്ഞതുമില്ല.ആശാന്റെ തന്ത്രങ്ങൾ ഫലം കണ്ടില്ല എന്ന് വേണം പറയാൻ.ഇത് ആരാധകർക്ക് നിരാശ നൽകിയിട്ടുണ്ട്.കാരണം തുടർച്ചയായി മൂന്ന് തോൽവികൾ വഴങ്ങി കഴിഞ്ഞു.

ഐഎസ്എല്ലിൽ ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ എട്ടു വിജയങ്ങളും രണ്ട് സമനിലകളും മൂന്ന് തോൽവികളുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഇന്നലത്തെ തോൽവിയോട് കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സ്ഥാനവും നഷ്ടമായിട്ടുണ്ട്.നിലവിൽ മൂന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് ഒഡിഷയും വരുന്നു. 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് ഗോവക്ക് ഉള്ളതെങ്കിൽ 13 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് ഒഡീഷക്ക് ഉള്ളത്.13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് മുംബൈക്കും 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ് മോഹൻ ബഗാനുമുണ്ട്.

അതായത് ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് നേടുക എന്നത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല. കാരണം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളവർ പലരും മികച്ച നിലയിലാണ്. ഗോവയും മോഹൻ ബഗാനുമൊക്കെ മത്സരങ്ങൾ കുറച്ചാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഷീൽഡ് നേടും എന്ന മോഹവും പേറി ആരാധകർ നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. കാരണം എതിരാളികൾ ശക്തിയാർജിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആവട്ടെ പുറകിലേക്ക് പോവുകയുമാണ്.

Ivan VukomanovicKerala BlastersOdisha Fc
Comments (0)
Add Comment