1894 മിനുട്ടുകൾ,കേരള ബ്ലാസ്റ്റേഴ്സിനോളം വരില്ല മറ്റാരും,യുവതാരങ്ങളെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ക്ലബ്ബുകളുടെ ലിസ്റ്റ് പുറത്ത്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്.സീസണിന്റെ തുടക്കത്തിൽ മികച്ച രൂപത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന കുറച്ച് മത്സരങ്ങളിൽ ആരാധകരെ നിരാശപ്പെടുത്തി എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ടീമിൽ ഇപ്പോഴും ആരാധകർ വിശ്വാസം അർപ്പിക്കുന്നുണ്ട്.ഇവാൻ വുക്മനോവിച്ചിനും സംഘത്തിനും പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയത് പരിക്കുകൾ തന്നെയാണ്. പക്ഷേ ആ പ്രതിസന്ധിയെ പരിശീലകൻ മറികടന്നത് യുവ താരങ്ങളിലൂടെയാണ്. കൂടുതൽ യുവതാരങ്ങൾക്ക് പരിശീലകൻ അവസരം നൽകി. പല യുവതാരങ്ങളും സ്റ്റാർട്ടിങ് നിലവിൽ സ്ഥിര സാന്നിധ്യമായി. അണ്ടർ 21 താരങ്ങളെ ഈ സീസണിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സിനോളം വരില്ല മറ്റാരും.
ദി ബ്രിഡ്ജാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.37 മത്സരങ്ങളിൽ നിന്ന് 1894 മിനുട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 21 താരങ്ങളെ കളിപ്പിച്ചിട്ടുള്ളത്.നാല് അണ്ടർ 21 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് കളിപ്പിച്ചിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ സമയം ലഭിച്ചിട്ടുള്ളത് വിബിൻ മോഹനനാണ്.11 മത്സരങ്ങളിൽ നിന്ന് 750 മിനിട്ടുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. മുഹമ്മദ് അയ്‌മന് 13 മത്സരങ്ങളിൽ നിന്ന് 682 മിനുട്ടുകൾ ലഭിച്ചു. മുഹമ്മദ് അസ്ഹറിന് എട്ടുമത്സരങ്ങളിൽ നിന്നും 370 മിനിട്ടുകളാണ് ലഭിച്ചിട്ടുള്ളത്.ഫ്രഡിക്ക് അഞ്ചുമത്സരങ്ങളിൽ നിന്ന് 92 മിനിറ്റുകൾ ലഭിച്ചു. ഇങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് 1894 മിനുറ്റുകൾ യുവ താരങ്ങൾക്ക് നൽകിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വരുന്നു. 26 മത്സരങ്ങളിൽ നിന്ന് 1362 മിനുട്ടുകളാണ് അവർ അണ്ടർ 21 താരങ്ങൾക്ക് നൽകിയിട്ടുള്ളത്.4 താരങ്ങളെ തന്നെയാണ് അവർ കളിപ്പിച്ചിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് ജംഷെഡ്പൂർ എഫ്സി വരുന്നു. 27 മത്സരങ്ങളിൽ നിന്ന് 1340 മിനിട്ടുകളാണ് അവർ അണ്ടർ 21 താരങ്ങളെ കളിപ്പിച്ചിട്ടുള്ളത്. അതേസമയം ഏറ്റവും പിറകിൽ വരുന്നത് ഒഡീഷ എഫ്സിയാണ്. കേവലം 33 മിനിട്ടുകളാണ് അവർ യുവ താരങ്ങളെ കളിപ്പിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് എത്രത്തോളം യുവതാരങ്ങൾ ഉപയോഗപ്പെടുത്തുന്നു, അവരെ എത്രത്തോളം വിശ്വസിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് മുകളിലുള്ള കണക്കുകൾ. കൂടുതൽ യുവ താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ നൽകുന്നുണ്ട്. അവരെല്ലാം പരിശീലകന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നുമുണ്ട്. യുവതാരങ്ങൾക്ക് ഇത്രയധികം അവസരങ്ങൾ നൽകുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് പ്രതിഭകളെ പാഴാക്കുന്നു എന്ന വിരോധികളുടെ വിമർശനം ഇപ്പോഴും ബാക്കിയാണ്.