മലപ്പുറം മഞ്ചേരിയിൽ വരുന്നത് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം,75 കോടിയോളം രൂപ ചിലവിടും,ഉദ്ഘാടന മത്സരത്തിൽ കളിക്കുക അർജന്റീന.

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും ലഭിച്ചിട്ടുള്ളത്.2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഉദ്ദേശിക്കപ്പെടുന്നത്.എവിടെ വെച്ചായിരിക്കും ഈ മത്സരം നടക്കപ്പെടുക എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. കായിക മന്ത്രി തന്നെയാണ് അപ്ഡേറ്റുകൾ നൽകിയിട്ടുള്ളത്. അതായത് ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ കേരള ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലാണ് ഇന്റർനാഷണൽ ലെവലിൽ ഉള്ള പുതിയ സ്റ്റേഡിയം വരുക.ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയമാണ് നിർമ്മിക്കപ്പെടുക. നിലവിൽ മഞ്ചേരിയിൽ പയ്യനാട് സ്റ്റേഡിയമുണ്ട്.അവിടെ തന്നെയാകും പുതിയ സ്റ്റേഡിയം വരിക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 കോടിയോളം രൂപ മുടക്കി കൊണ്ടാണ് ഈ പുതിയ സ്റ്റേഡിയം നിർമ്മിക്കപ്പെടുക എന്നാണ് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ കാര്യത്തിൽ പലവിധ റൂമറുകൾ ഉണ്ട്. ഒരു ലക്ഷത്തോളം ആളുകളെ കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നിർമ്മിക്കും എന്നാണ് റൂമറുകൾ. പക്ഷേ 75 കോടി രൂപയ്ക്ക് ഒരു വർഷത്തിനിടെ ഒരുലക്ഷം ആളുകളെ കൊള്ളാൻ നിർമ്മിക്കുക എന്നുള്ളത് അസാധ്യമാണ് എന്നാണ് എല്ലാവരും പറയുന്നത്. മറിച്ച് ഏകദേശം 40000 ഓളം ആളുകളെ കൊള്ളാൻ കഴിയുന്ന ഒരു സ്റ്റേഡിയം നിർമ്മിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഏതായാലും ഗവൺമെന്റിന്റെ വാഗ്ദാനങ്ങൾ വെറും വാക്കാവില്ല എന്ന് തന്നെയാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ വിശ്വസിക്കുന്നത്. പുതിയ സ്റ്റേഡിയം നിർമ്മിക്കും, ആ സ്റ്റേഡിയത്തിൽ ഉദ്ഘാടനം മത്സരത്തിനു വേണ്ടി അർജന്റീനയെയും മെസ്സിയെയും കൊണ്ടുവരും എന്നൊക്കെയാണ് ഏറ്റവും പുതിയ വാഗ്ദാനങ്ങൾ.ആ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഗവൺമെന്റിന് കഴിയുമോ എന്നത് കാത്തിരുന്നു കാണാം.

ArgentinaMalappuramManjeri
Comments (0)
Add Comment