കേരള സൂപ്പർ ലീഗ്, ആകെ മാറ്റുരക്കുന്നത് 6 ടീമുകൾ, ഇത് തലവര മാറ്റും!
കേരള ഫുട്ബോൾ അസോസിയേഷൻ മറ്റൊരു പ്രധാനപ്പെട്ട ചുവട് വെപ്പ് കേരള ഫുട്ബോളിൽ എടുത്ത് വെച്ചിരിക്കുകയാണ്. കേരള സൂപ്പർ ലീഗ് എന്ന പുതിയ കോമ്പറ്റീഷന് തുടക്കം കുറിക്കുകയാണ്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.ബൈചൂങ് ബൂട്ടിയ,ഐഎം വിജയൻ തുടങ്ങിയ ഒരുപാട് ഇതിഹാസങ്ങൾ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
6 ഫ്രാഞ്ചൈസികളാണ് കേരള സൂപ്പർ ലീഗിൽ മാറ്റുരക്കുന്നത്. മലപ്പുറം ഫുട്ബോൾ ക്ലബ്ബ്, കാലിക്കറ്റ് സുൽത്താൻസ് എഫ്സി,തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ റോർ ഫുട്ബോൾ ക്ലബ്ബ്, കണ്ണൂർ സ്‌ക്വാഡ് ഫുട്ബോൾ ക്ലബ്ബ്,കൊച്ചി പൈപേഴ്സ് എന്നിങ്ങനെയാണ് 6 ക്ലബ്ബുകൾ സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത്.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് നടന്നത്.
2024/25 സീസണിലാണ് ഇതിന് തുടക്കമാവുക. ആദ്യത്തെ ടൂർണമെന്റ് മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചുകൊണ്ടാണ് നടക്കുക.കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം,മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ചു കൊണ്ടാണ് ഈ ടൂർണമെന്റ് നടക്കുക. പ്രധാനപ്പെട്ട പല താരങ്ങളും കേരള സൂപ്പർ ലീഗിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ത്രിശൂർ റോർ എഫ്സിക്ക് ഓസ്ട്രേലിയൻ ലീഗുമായി കണക്ഷൻ ഉണ്ട്. അവിടുത്തെ പ്രധാനപ്പെട്ട ക്ലബ്ബായ ബ്രിസ്ബെയ്ൻ റോർ എഫ്സിയുടെ പാർട്ണർഷിപ്പിൽ ഉള്ളതാണ് ത്രിശൂർ റോർ എഫ്സി. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച താരങ്ങൾ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്റ്റാർ സ്പോർട്സ് 1,ഹോട്ട് സ്റ്റാർ എന്നിവിടങ്ങളിൽ കേരള സൂപ്പർ ലീഗ് മത്സരങ്ങൾ തൽസമയം വീക്ഷിക്കാൻ സാധിക്കും. ഏകദേശം 5 കോടി രൂപയോളം ഓരോ വർഷവും ഈ ടീമുകൾ ചിലവഴിക്കേണ്ടതുണ്ട്. എന്നാൽ സ്പോൺസർഷിപ്പിലൂടെ ഇത്രയധികം തുക സമാഹരിക്കാൻ കഴിയുമോ എന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ വലിയ ഒരു തുക തന്നെ ചിലവഴിക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായിട്ടുണ്ട്.മികച്ച രൂപത്തിൽ കേരള സൂപ്പർ ലീഗ് നടത്തപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.