കേരളത്തിലെ ജനങ്ങളുടെ സ്നേഹം: മനസ്സ് തുറന്ന് ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മൂന്നര വർഷമായി ക്ലബ്ബിനോടൊപ്പമുണ്ട്.ഇവാൻ വുക്മനോവിച്ച് എത്തിയ സീസണിൽ തന്നെയാണ് അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരുന്നത്.പിന്നീട് ടീമിന്റെ നട്ടെല്ലായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. പല പ്രധാനപ്പെട്ട താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടപ്പോഴും ലൂണ ടീമിനെ കൈവിടാൻ തയ്യാറായില്ല. പല ക്ലബ്ബുകളും ആകർഷകമായ ഓഫറുമായി താരത്തെ സമീപിച്ചപ്പോഴും അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സമ്മറിൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകർ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർത്തി.തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തു. ഇനിയും കുറച്ചു വർഷക്കാലം ലൂണ നമ്മോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പാണ്.ഈ സീസണിൽ ഒരല്പം കഠിനമായ തുടക്കമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.പക്ഷേ ഇപ്പോൾ അദ്ദേഹം പതിയെ പതിയെ ട്രാക്കിലായി വരുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ലൂണക്ക് സാധിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പോഡ്കാസ്റ്റിൽ അഡ്രിയാൻ ലൂണയായിരുന്നു ഉണ്ടായിരുന്നത്.കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തെക്കുറിച്ചും അദ്ദേഹം ഒരുപാട് തവണ സംസാരിച്ചതാണ്. ഒരിക്കൽ കൂടി ലൂണ ഇതേക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.ലൂണ പറഞ്ഞ കാര്യങ്ങൾ നമുക്ക് നോക്കാം.
‘ഞാൻ കേരളത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.ഇവിടുത്തെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കാരണം ഞാൻ ഇവിടെ എത്തിയ അന്ന് തൊട്ടേ ഈ ആളുകൾ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്.മാത്രമല്ല ഒരുപാട് ബഹുമാനം എനിക്ക് നൽകുകയും ചെയ്യുന്നു.അതെല്ലാം അവർക്ക് തിരികെ നൽകാൻ വേണ്ടിയാണ് ഞാൻ കളിക്കളത്തിൽ പരമാവധി ശ്രമിക്കാറുള്ളത്.ഇവിടെ തുടരാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനിയും ഇവിടെ ഒരുപാട് കാലം തുടരുക എന്നതാണ് എന്റെ ലക്ഷ്യം ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ഇപ്പോൾ ആരാധകർ നിരാശരാണ്. വ്യക്തിഗത പിഴവുകളാണ് ഈ സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്. അടുത്ത മത്സരത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.കൊച്ചിയിൽ ഏറ്റുവാങ്ങേണ്ട തോൽവിക്ക് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ ഇറങ്ങുക.