എങ്ങനെയാണ് കേരളത്തിൽ നിന്നും ഇത്രയധികം മികച്ച താരങ്ങൾ ഉണ്ടാകുന്നത്? മോഹൻ ബഗാൻ ആരാധകൻ ചോദിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവ് ക്ലബ്ബ് നടത്തുകയായിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ട്.രാഹുൽ,സച്ചിൻ,ഐമൻ,അസ്ഹർ,വിബിൻ,സഹീഫ് തുടങ്ങിയ ഒട്ടേറെ മലയാളി താരങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല മലയാളി താരങ്ങൾ തിളങ്ങി നിൽക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഉടനീളം പല ക്ലബ്ബുകളിലും മലയാളി താരങ്ങൾ തങ്ങളുടെ കരുത്ത് തെളിയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു മോഹൻ ബഗാൻ ആരാധകൻ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.എങ്ങനെയാണ് കേരളത്തിൽ നിന്നും ഇത്രയധികം മികച്ച താരങ്ങൾ ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്.ട്വിറ്ററിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
‘വിഷ്ണു,ഐമൻ,വിബിൻ,നിഹാൽ,ജിതിൻ,നൗഫൽ,സഹൽ..എങ്ങനെയാണ് കേരളം ടോപ് ക്ലാസ് താരങ്ങളെ ഉണ്ടാക്കിയെടുക്കുന്നത്? എന്താണ് സംഭവിക്കുന്നത് ‘ ഇതാണ് ആ ആരാധകൻ എഴുതിയിട്ടുള്ളത്. അതിന്റെ കമന്റ് ബോക്സിൽ ഒരുപാട് പേർ തങ്ങളുടെ മറുപടികൾ നൽകുന്നുണ്ട്. ഫുട്ബോളിനോട് ഏറെ അഭിനിവേശം പുലർത്തുന്നവരാണ് മലയാളികൾ എന്നും അതുകൊണ്ടുതന്നെയാണ് കൂടുതൽ പേർ ഫുട്ബോളിലേക്ക് ആകൃഷ്ടരായി എത്തുന്നത് എന്നുമാണ് പലതും പറഞ്ഞിട്ടുള്ളത്.
മുകളിൽ പറഞ്ഞ താരങ്ങൾക്ക് പുറമേ അലക്സ് ഷാജി,അബ്ദുൽ റബീഹ്,ഉവൈസ്,ആഷിഖ്,സനാൻ,മിർഷാദ്,എമിൽ ബെന്നി,നെമിൽ തുടങ്ങിയ ഒട്ടേറെ മലയാളി സൂപ്പർ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നുണ്ട്.കേരളത്തിലെ ലോക്കൽ ടൂർണമെന്റുകളും ക്ലബ്ബുകളുമൊക്കെ തന്നെയാണ് ഇക്കാര്യത്തിൽ വലിയ റോൾ വഹിച്ചിട്ടുള്ളത്.കൂടുതൽ മികച്ച താരങ്ങൾ കേരളത്തിൽ നിന്നും ഉയർന്നുവരുന്നു എന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്.