ആരാധകരുടെ കാത്തിരിപ്പ് എനിക്ക് മനസ്സിലാകും,പക്ഷേ അതൊരിക്കലും എളുപ്പമല്ല: ലൂണ
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇത് പതിനൊന്നാം സീസണാണ് ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ 10 വർഷത്തിനുള്ളിൽ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.മൂന്ന് തവണ ഐഎസ്എൽ ഫൈനലുകളിൽ എത്തിയിരുന്നു.മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും കുറഞ്ഞത് ഒരു മേജർ ട്രോഫി എങ്കിലും ഉണ്ട്. ഒരു കിരീടം പോലും ഇല്ലാത്ത ക്ലബ്ബായി തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഇതേ കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ്.കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.
ഇതേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ആരാധകരുടെ കാത്തിരിപ്പ് തനിക്ക് മനസ്സിലാകുമെന്നും കിരീടം നേടാൻ വേണ്ടി തങ്ങൾ ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുമാണ് ലൂണ പറഞ്ഞിട്ടുള്ളത്. കിരീടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.ലൂണയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് കാലമായി കിരീടത്തിന് വേണ്ടി കാത്തിരിക്കുന്നത് എന്നുള്ളത് നമുക്കറിയാം.11 വർഷത്തോളമായി അവർ കാത്തിരിക്കുകയാണ്. അവർക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും കിരീടം നേടാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഞങ്ങളുടെ കുടുംബങ്ങളെ വിട്ടു കൊണ്ടാണ് ഞങ്ങൾ ഇവിടെ എത്തിയിട്ടുള്ളത്.കിരീടം നേടുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.പക്ഷേ അത് സാധ്യമാക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് ഞങ്ങൾ ഉള്ളത് “ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇനി മൂന്ന് കിരീടങ്ങൾ നേടാനുള്ള ഓപ്ഷനാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ്,സൂപ്പർ കപ്പ് എന്നിവയൊക്കെയാണ് ആ കോമ്പറ്റീഷനുകൾ.