വീരോചിതം തിരിച്ചു വരവ്,കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ കശാപ്പ് ചെയ്ത് ബ്ലാസ്റ്റേഴ്സ്!
കൊച്ചിയിലെ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിക്കാതിരിക്കാനാവുമായിരുന്നില്ല.സീസണിലെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് വീരോചിത തിരിച്ചുവരവാണ് നടത്തിയിട്ടുള്ളത്.
കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ മാറ്റങ്ങളോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിട്ടുള്ളത്.വിബിനും ഡാനിഷും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് നല്ല അറ്റാക്ക് നടത്തിയിരുന്നു.എന്നാൽ പിന്നീട് പിൻവലിയുകയായിരുന്നു. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.എന്നാൽ രണ്ടാം പകുതിയിലാണ് ഗോളുകൾ വന്നത്.
ഈസ്റ്റ് ബംഗാൾ ആണ് ലീഡ് എടുത്തത്. മത്സരത്തിന്റെ അറുപതാം മിനുട്ടിൽ മലയാളി താരം പിവി വിഷ്ണു നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിനെ ലീഡ് നേടിക്കൊടുത്തത്.ദിമിയുടെ അസിസ്റ്റിൽ നിന്നാണ് വിഷ്ണു ഗോൾ കണ്ടെത്തിയത്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു. പിന്നീടാണ് നോവയുടെ കിടിലൻ ഗോൾ പിറന്നത്.
ഇടതുവിങ്ങിലൂടെ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിയൊഴിഞ്ഞ് കുതിച്ച് വന്ന നോവ ഗോൾകീപ്പറേയും നിസ്സഹായനാക്കി ഗോൾ കണ്ടെത്തുകയായിരുന്നു. ഒരു കിടിലൻ സോളോഗോൾ തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത്.എന്നാൽ അവിടംകൊണ്ടും അവസാനിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പകരക്കാരനായി ഇറങ്ങിയ പെപ്ര സ്വന്തമാക്കുകയായിരുന്നു.
ഐമൻ നൽകിയ പാസ് സ്വീകരിച്ച പെപ്ര നിലംപറ്റയുള്ള ഒരു ഷോട്ട് എടുക്കുകയായിരുന്നു.അത് ഗോളായി മാറുകയും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയും ചെയ്തു.മത്സരത്തിന്റെ അവസാനത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തി.കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും കൺവേർട്ട് ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു. ഏതായാലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു.