കേരള ബ്ലാസ്റ്റേഴ്സിന് ഇന്റർനാഷണൽ ബ്രേക്ക് കാരണം വലിയ ഒരു ഇടവേള തന്നെ ലഭിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ ഒക്ടോബർ മൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇനി ഒക്ടോബർ ഇരുപതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.അതായത് ഏകദേശം 17 ദിവസത്തോളം അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ താരങ്ങൾ തിരിച്ചെത്തുന്നു എന്നുള്ളത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ആശ്വാസം നൽകുന്ന കാര്യമാണ്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു.പക്ഷേ അദ്ദേഹത്തിന് യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. ഡെങ്കിപ്പനി കാരണം തുടക്കത്തിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം യഥാർത്ഥ ലൂണയെ കാണാൻ കഴിയും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ പറഞ്ഞിരുന്നത്. അതായത് ഇപ്പോൾ കരുത്ത് പ്രാപിച്ച് ലൂണ മടങ്ങിയെത്തുകയാണ് എന്ന് നമുക്ക് ഉറപ്പിക്കാം. ആ പഴയ ലൂണയെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ആശ്വാസം നൽകുന്ന വേറെയും കാര്യങ്ങളുണ്ട്. കൂടുതൽ താരങ്ങൾ പരിക്കുമാറി ക്യാമ്പിൽ എത്തുകയാണ്. അതിലൊന്ന് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസാണ്.ഈ സീസണിൽ ഒരു മത്സരം പോലും ഈ ഇന്ത്യൻ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മാത്രമല്ല സ്‌ക്വാഡിൽ പോലും ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.അദ്ദേഹം ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് മടങ്ങിവരുകയാണ്. അതുകൊണ്ടുതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ കൂടുതൽ ഓപ്ഷനുകൾ പരിശീലകന് ലഭ്യമായേക്കും.
മറ്റൊന്ന് ഇന്ത്യൻ സ്ട്രൈക്കർ ആയ ഇഷാൻ പണ്ഡിറ്റയാണ്.അദ്ദേഹവും ഈ സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.പ്രബീർ ദാസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കാര്യവും ദുരൂഹമായിരുന്നു. താരവും ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെ എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് താരങ്ങൾ എത്തുന്നത് ബ്ലാസ്റ്റേഴ്സ് കരുത്ത് വർദ്ധിപ്പിക്കുന്ന കാര്യമാണ്. കൂടാതെ ഡ്യൂറൻഡ് കപ്പിൽ പരിക്കേറ്റ ഗോൾകീപ്പർ ആണ് സോം കുമാർ.അദ്ദേഹവും ഇപ്പോൾ പരിക്കുമാറി പരിശീലനത്തിന് തിരികെ എത്തിയിട്ടുണ്ട്.അടുത്ത മത്സരത്തിന് അദ്ദേഹത്തെയും ലഭ്യമായിരിക്കും.
സോം കുമാറിനെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഇപ്പോൾ വളരെയധികം വ്യാപകമാണ്.സച്ചിൻ സുരേഷിന്റെ മോശം പ്രകടനം കാരണമാണ് ആരാധകർ ഇത്തരത്തിലുള്ള ആവശ്യം ഉയർത്തുന്നത്. എന്നിരുന്നാലും സ്റ്റാറേ സച്ചിനെ തന്നെ ഉപയോഗപ്പെടുത്താനാണ് സാധ്യത. പക്ഷേ സോം മടങ്ങിയെത്തിയത് ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന കാര്യമാണ്.