ഇന്ത്യൻ ഫുട്ബോളിന് വേണ്ടി എന്തെങ്കിലും ചെയ്യണം, ഭാവിയിൽ എനിക്കൊരു പ്ലാനുണ്ട്: ക്രിക്കറ്റ് സൂപ്പർ താരം കുൽദീപ് യാദവ്
ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഫുട്ബോളിന് ലഭിക്കുന്ന പ്രാധാന്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ഫുട്ബോളിന് ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിക്കാത്തതും. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്റർനാഷണൽ ഫുട്ബോളിൽ ഇന്ത്യക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. അതിന്റെ തെളിവ് തന്നെയാണ് ഏഷ്യൻ കപ്പിൽ ഇന്ത്യ നടത്തിയ ദയനീയ പ്രകടനം.
ഇന്ത്യയിൽ ഫുട്ബോളിന് കൂടുതൽ പരിഗണന കിട്ടിത്തുടങ്ങിയാൽ മാത്രമാണ് കൂടുതൽ മികച്ച താരങ്ങൾ ഉണ്ടാവുകയുള്ളൂ. സമീപകാലത്ത് ഒരുപാട് അക്കാദമികളും മറ്റും ഇന്ത്യൻ പ്രതിഭകളെ കണ്ടെത്താൻ വേണ്ടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിനെ വളരെയധികം ഇഷ്ടപ്പെടുന്ന,അതിന് പിന്തുണക്കുന്ന ഒരു വ്യക്തിയാണ് ക്രിക്കറ്റ് സൂപ്പർതാരമായ കുൽദീപ് യാദവ്. നിലവിൽ അദ്ദേഹം ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു ക്രിക്കറ്റ് താരമായ അശ്വിന്റെ യൂട്യൂബ് ചാനലിൽ കുൽദീപ് യാദവ് വന്നിരുന്നു. ഇന്ത്യൻ ഫുട്ബോളിന് വേണ്ടി ഭാവിയിൽ ചില കാര്യങ്ങൾ ചെയ്യാൻ താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് കുൽദീപ് യാദവ് പറഞ്ഞിട്ടുണ്ട്. ഒരു അക്കാദമി തുടങ്ങാൻ തനിക്ക് പ്ലാൻ ഉണ്ടെന്നും കുൽദീപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.നമുക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. ഒരുപാട് മികച്ച താരങ്ങൾ ഇവിടെയുണ്ട്. പക്ഷേ അവർക്കൊന്നും മുഴുവൻ റിസോഴ്സും ലഭിക്കുന്നില്ല.എന്റെ ലക്ഷ്യം എന്നുള്ളത് ഒരു ഫുട്ബോൾ അക്കാദമി ആരംഭിക്കുക എന്നതാണ്, ഇതാണ് കുൽദീപ് യാദവ് പറഞ്ഞിട്ടുള്ളത്.
തീർച്ചയായും അദ്ദേഹത്തിന്റെ ഈ വാക്കുകൾ അഭിനന്ദിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും ഇന്ത്യൻ ഫുട്ബോളിനെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് കുൽദീപ്.കൂടുതൽ പേർ ഇതുപോലെ മുന്നോട്ടു വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ് തന്നെയായിരിക്കും.