ആദ്യ ഏഴ് മത്സരങ്ങളിൽ വട്ടപ്പൂജ്യം,അതോടെ വിമർശനമഴ,പക്ഷേ പിന്നീട് സംഭവിച്ചത് ചരിത്രം,പെപ്രയാണ് താരം.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. നിലവിൽ 26 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.ലീഗിലെ അവസാന മൂന്നു മത്സരങ്ങളിലും വിജയിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നാണ്.കരുത്തരായ മുംബൈ, മോഹൻ ബഗാൻ എന്നിവർ ബ്ലാസ്റ്റേഴ്സിന് മുന്നിൽ പരാജയപ്പെട്ടിരുന്നു.
കലിംഗ സൂപ്പർ കപ്പിലും ഗംഭീര തുടക്കം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം.പെപ്രയാണ് തിളങ്ങിയത്. രണ്ട് ഗോളുകൾ അദ്ദേഹം നേടിയപ്പോൾ ശേഷിച്ച ഗോൾ മുഹമ്മദ് ഐമന്റെ വകയായിരുന്നു.ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന് വേണ്ടിയുള്ള ആദ്യ ഗോളാണ് ഐമൻ സ്വന്തമാക്കിയത്.
ക്വാമെ പെപ്ര എന്ന ഘാന സ്ട്രൈക്കറുടെ കാര്യം എടുത്തു പറയണം. കാരണം സീസണിന്റെ തുടക്കത്തിൽ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു.അതിന് വ്യക്തമായ കാരണവുമുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഏഴ് മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്തിട്ടും പ്രധാനപ്പെട്ട സ്ട്രൈക്കർ ആയ പെപ്രക്ക് ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞിരുന്നില്ല.ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം വട്ടപൂജ്യമായിരുന്നു.ഇതോടെ വിമർശനങ്ങൾ അധികരിച്ചു. അദ്ദേഹത്തെ പുറത്തിരുത്തണമെന്ന ആവശ്യങ്ങൾ അധികരിച്ചു.
പക്ഷേ പരിശീലകൻ ഇവാൻ വുക്മനോവിച്ച് അതിനു തയ്യാറായില്ല. അദ്ദേഹം പെപ്രയിൽ വിശ്വാസം അർപ്പിച്ചു.അദ്ദേഹത്തിന് വീണ്ടും അവസരങ്ങൾ നൽകി. ആദ്യത്തെ 7 മത്സരങ്ങൾക്ക് ശേഷം പരിശീലകന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പെപ്രക്ക് സാധിച്ചു. അതിനുശേഷം കളിച്ച ആറുമത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു. നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
മുംബൈക്കെതിരെയുള്ള മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ആരാധകർ മറക്കില്ല.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മികച്ച രൂപത്തിലുള്ള ഒരു തിരിച്ചുവരവ് തന്നെയാണ് പെപ്ര പുറത്തെടുത്തിട്ടുള്ളത്. അതിന്റെ ക്രെഡിറ്റ് വുക്മനോവിച്ചിന് കൂടി നൽകേണ്ടതുണ്ട്. കാരണം എല്ലാവരും താരത്തെ കൈവിട്ടപ്പോഴും വുക്മനോവിച്ച് പെപ്രയെ കൈവിട്ടിരുന്നില്ല.