ലോണിൽ അയക്കാൻ വരട്ടെ,അവസാന അഞ്ചുമത്സരങ്ങളിൽ പൊളിച്ചടുക്കി പെപ്ര!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമ്പൂർണ്ണ ആധിപത്യം പുലർത്തുകയായിരുന്നു.നോഹ് സദോയി,ക്വാമെ പെപ്ര എന്നിവരുടെ ഹാട്രിക്കുകളാണ് ഈ ഗംഭീര വിജയം ക്ലബ്ബിന് സമ്മാനിച്ചിട്ടുള്ളത്. അതേസമയം ശേഷിച്ച രണ്ട് ഗോളുകൾ ഇഷാൻ പണ്ഡിറ്റയാണ് സ്വന്തമാക്കിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതിന്റെ തുടർച്ച എന്നോണമാണ് ഡ്യൂറൻഡ് കപ്പിലും ഈ ക്ലബ്ബ് തിളങ്ങിയിട്ടുള്ളത്.സ്‌ക്വാഡ് ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇനിയും ചില മാറ്റങ്ങൾ സംഭവിച്ചേക്കാം.ജോഷുവ സോറ്റിരിയോ,പെപ്ര എന്നിവരുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

പരിക്കേറ്റ സോറ്റിരിയോയെ ക്ലബ് ഒഴിവാക്കും എന്നാണ് റൂമറുകൾ. അതേസമയം പെപ്രയെ ലോണിൽ പഞ്ചാബിലേക്ക് അയക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പക്ഷേ ഒരു ഫൈനൽ ഡിസിഷൻ ക്ലബ്ബ് എടുത്തിട്ടില്ല.പെപ്രയുടെ മാസ്മരിക പ്രകടനം ഒരുപക്ഷേ ക്ലബ്ബിന്റെ മനസ്സ് മാറ്റിയേക്കാം.അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് മികച്ച കണക്കുകൾ അവകാശപ്പെടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

പ്രീ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ പെപ്രയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.പ്രീ സീസണിൽ മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം ഇന്നലെ മൂന്നു ഗോളുകൾ കൂടി നേടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഗോൾ കണ്ടെത്താൻ വിഷമിച്ചിരുന്ന പെപ്ര ഇത്തവണ ഗോളടിച്ച് തിമിർക്കുകയാണ്.

അതുകൊണ്ടുതന്നെ പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു പുനപരിശോധന നടത്താൻ സാധ്യതയുണ്ട്.പക്ഷേ ഒരു മികച്ച സ്ട്രൈക്കറെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് തുടരുകയാണ്.സ്ട്രൈക്കർ വന്ന് കഴിഞ്ഞാൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ പെപ്രക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടാകും. ഏതായാലും അടുത്ത മത്സരത്തിൽ പഞ്ചാബിനെതിരെയും താരം തിളങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Kerala BlastersKwame Peprah
Comments (0)
Add Comment