ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജോർജിയയെ സ്പെയിൻ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്.മത്സരത്തിൽ ആദ്യം സ്പെയിൻ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ പിന്നീട് നാല് ഗോളുകൾ അവർ തിരിച്ചടിച്ചു.
റോഡ്രി,റൂയിസ്,വില്യംസ്,ഒൽമോ എന്നിവരാണ് സ്പാനിഷ് ടീമിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ യുവ സൂപ്പർ താരം ലാമിനെ യമാൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.51ആം മിനുട്ടിൽ റൂയിസ് ഗോൾ കണ്ടെത്തിയത് ഈ താരത്തിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. ഇതോടെ ഒരുപാട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി.
അതായത് യൂറോ കപ്പിന്റെ നോക്കോട്ട് റൗണ്ടിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് യമാൽ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഒരു യൂറോ കപ്പിൽ ഒന്നിലധികം അസിസ്റ്റ് സ്വന്തമാക്കുന്ന യുവതാരം എന്ന റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കി.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പമാണ് യമാൽ ഈ റെക്കോർഡ് പങ്കിടുന്നത്. 2004ൽ റൊണാൾഡോ ഒന്നിലധികം അസിസ്റ്റുകൾ യൂറോ കപ്പിൽ സ്വന്തമാക്കിയിരുന്നു.
അതോടൊപ്പം തന്നെ ഇതിഹാസമായ സിദാനെ മറികടക്കാനും ഈ യുവ പ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്.അതായത് ഒരു മത്സരത്തിൽ അഞ്ചിൽ കൂടുതൽ ഷോട്ടുകളും അഞ്ചിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത താരം എന്ന റെക്കോർഡാണ് യമാൽ സ്വന്തമാക്കിയിട്ടുള്ളത്. 2004 യൂറോകപ്പിൽ സിദാൻ ആറ് ഷോട്ടുകൾ എടുക്കുകയും 6 അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇന്നലത്തെ മത്സരത്തിൽ യമാൽ 7 ഷോട്ടുകൾ എടുക്കുകയും 6 അവസരങ്ങൾ സൃഷ്ടിക്കുകയും ആണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ എല്ലാംകൊണ്ടും 16കാരൻ തിളങ്ങിയ ഒരു മത്സരമാണ് ഇന്നലെ പൂർത്തിയായത്.