2022 ഖത്തർ വേൾഡ് കപ്പ് ലൗറ്ററൊയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. പകരം ഹൂലിയൻ ആൽവരസ് വന്ന് തുടങ്ങി.അർജന്റീന കിരീടം നേടിയെങ്കിലും തന്റെ പ്രകടനത്തിൽ താൻ ഹാപ്പി ആയിരുന്നില്ല എന്ന് ലൗറ്ററൊ തന്നെ പറഞ്ഞിരുന്നു.
വേൾഡ് കപ്പിന് ശേഷവും അർജന്റീന ദേശീയ ടീമിൽ ബുദ്ധിമുട്ടുന്ന താരത്തെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അതേസമയം ഇന്റർമിലാനിൽ തകർപ്പൻ പ്രകടനം ലൗറ്ററോ നടത്തുകയും ചെയ്തിരുന്നു.ഈ കോപ്പ അമേരിക്കക്ക് മുന്നോടിയായി രണ്ട് സൗഹൃദമത്സരങ്ങൾ അർജന്റീന കളിച്ചു. അതിലെ അവസാനത്തെ ഗ്വാട്ടിമാലക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് ഒരു പെനാൽറ്റി ലഭിച്ചു. ലയണൽ മെസ്സി പെനാൽറ്റി തന്റെ സഹതാരമായ ലൗറ്ററോക്ക് നൽകി.അദ്ദേഹത്തിന്റെ കോൺഫിഡൻസ് വർദ്ധിപ്പിക്കാനായിരുന്നു അത്.
അതിനുശേഷം മെസ്സിക്ക് ഗോൾ അടിക്കാൻ സാധിക്കുമായിരുന്ന ഒരു അവസരം അദ്ദേഹം ലൗറ്ററോക്ക് അസിസ്റ്റ് ആയി കൊണ്ട് നൽകി. അങ്ങനെ ആ മത്സരത്തിൽ രണ്ടു ഗോളുകളാണ് ലൗറ്ററോ നേടിയത്. അതിനുശേഷം കോപ്പ അമേരിക്കയിൽ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ലൗറ്ററോക്ക് കഴിഞ്ഞു.
പകരക്കാരനായി വന്നിട്ട് പോലും അർജന്റീനയുടെ രക്ഷകനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന രക്ഷിക്കാൻ ലൗറ്ററോ വേണ്ടിവന്നു. തന്റെ ആത്മവിശ്വാസം വീണ്ടെടുത്ത ഈ സൂപ്പർ താരം 5 ഗോളുകൾ നേടിക്കൊണ്ട് കോപയിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.അർജന്റീനക്ക് കിരീടവും നേടിക്കൊടുത്തു.
ലയണൽ മെസ്സിയുടെ പിന്തുണയാണ് തനിക്ക് സഹായകരമായത് എന്ന് മത്സരശേഷം ലൗറ്ററോ തന്നെ പറഞ്ഞിരുന്നു.ഒരു ക്യാപ്റ്റൻ തന്റെ സഹതാരങ്ങളെ എങ്ങനെയായിരിക്കണം മാനേജ് ചെയ്യേണ്ടത് എന്നതിന്റെ ഉദാഹരണമാണ് ഇത്.ലൗറ്ററോയെ ഫോമിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ മെസ്സിക്കും ഏറെ സന്തോഷിക്കാം.