ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ തോൽപ്പിച്ചത്. നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരം അത്ര പ്രധാനപ്പെട്ടതല്ലായിരുന്നു. അതുകൊണ്ടുതന്നെ പല താരങ്ങൾക്കും വിശ്രമം അനുവദിച്ചുകൊണ്ടാണ് ഈ മത്സരത്തിൽ അർജന്റീന കളിച്ചിരുന്നത്.
മത്സരത്തിൽ തിളങ്ങിയത് സൂപ്പർ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനസാണ്.രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.ഇതോടെ കോപ്പ അമേരിക്കയിലെ 3 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അദ്ദേഹത്തിന്റെ രണ്ട് ഗോളുകളും പിറന്നത്. ലഭിച്ച പെനാൽറ്റി പാഴാക്കി എന്നത് പരേഡസിനെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്.
ലയണൽ മെസ്സി ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.അദ്ദേഹം ബെഞ്ചിലായിരുന്നു ഉണ്ടായിരുന്നത്.ലൗറ്ററോ മാർട്ടിനസ് ഗോളടിച്ചതിനുശേഷം നേരെ മെസ്സിയുടെ അടുക്കലേക്ക് പോവുകയും അദ്ദേഹത്തെ ഹഗ് ചെയ്യുകയുമായിരുന്നു.താരം തന്റെ ഗോൾ മെസ്സിക്ക് സമർപ്പിക്കുകയാണ് ചെയ്തത്. അതിന്റെ കാരണം ലൗറ്ററോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ലയണൽ മെസ്സിക്ക് കുഴപ്പങ്ങളൊന്നുമില്ല.അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മെസ്സിക്ക് ഞാൻ ആ ഗോൾ സമർപ്പിക്കാൻ കാരണം, മെസ്സി ഞങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് അറിയാവുന്നതുകൊണ്ടാണ്, ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇനി ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയിരിക്കും അർജന്റീന നടത്തുക. ലയണൽ മെസ്സി ആ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മസിലുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ മെസ്സിയെ അലട്ടിയിരുന്നുവെങ്കിലും അദ്ദേഹം ഇപ്പോൾ ഓക്കേ ആണ് എന്നാണ് റിപ്പോർട്ടുകൾ.