ഈ കോപ്പ അമേരിക്കയിൽ ഗംഭീര പ്രകടനമാണ് നിലവിലെ ജേതാക്കളായ അർജന്റീന പുറത്തെടുക്കുന്നത്.കളിച്ച മൂന്നു മത്സരങ്ങളിലും അവർ വിജയം നേടിയിട്ടുണ്ട്. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന ചിലിയെ എതിരില്ലാത്ത ഒരു ഗോളിനും പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോൽപ്പിച്ചു. ഒരു ഗോൾ പോലും അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങേണ്ടി വന്നിട്ടില്ല.
അതിനേക്കാളൊക്കെ ഉപരി അർജന്റീനക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് അവരുടെ സൂപ്പർ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനസ് അർജന്റൈൻ ജേഴ്‌സിയിൽ ഫോമിലേക്ക് തിരിച്ചെത്തി എന്നതാണ്.ഗ്വാട്ടിമാലക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ രണ്ട് ഗോളുകളാണ് താരം നേടിയത്. പിന്നീട് കാനഡയ്ക്കെതിരെയും ചിലിക്കെതിരെയും പകരക്കാരനായി വന്നു കൊണ്ട് ഓരോ ഗോളുകൾ വീതം താരം നേടി. ഏറ്റവും അവസാനം പെറുവിനെതിരെ രണ്ട് ഗോളുകളും നേടിയത് ലൗറ്ററോ തന്നെയാണ്.അതായത് നാലു മത്സരങ്ങളിൽ 6 ഗോളുകൾ അദ്ദേഹം സ്വന്തമാക്കി.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തിളങ്ങാൻ സാധിക്കാത്തതുകൊണ്ടുതന്നെ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ പരിക്കും സർജറിയും കാരണമാണ് തനിക്ക് മോശം വേൾഡ് കപ്പ് ഉണ്ടായതെന്ന് ലൗറ്ററോ. അതിനുള്ള ഒരു പ്രതികാരം എന്നോണമാണ് ഇപ്പോൾ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്തുന്നതെന്നും ലൗറ്ററോ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വേൾഡ് കപ്പിൽ എനിക്ക് ദുഃഖകരമായ കാര്യങ്ങളാണ് ഉണ്ടായത്.ആങ്കിൾ ഇഞ്ചുറി കൊണ്ട് ഞാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു.എനിക്ക് സർജറി വേണ്ടിവന്നു. വേദനയോട് കൂടിയാണ് ഞാൻ വേൾഡ് കപ്പിൽ കളിച്ചത്. പക്ഷേ ഇപ്പോൾ ഞാൻ കോപ അമേരിക്ക ആസ്വദിക്കുകയാണ്. വേൾഡ് കപ്പിൽ സംഭവിച്ചതിന് പ്രതികാരം തീർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,ലൗറ്ററോ പറഞ്ഞു.
ലൗറ്ററോയുടെ മിന്നും പ്രകടനം കാരണം ഹൂലിയൻ ആൽവരസിന് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. വേൾഡ് കപ്പിലെ മോശം പ്രകടനത്തെ തുടർന്നായിരുന്നു ലൗറ്ററോക്ക് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. ഇനി അടുത്ത കോപ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.