കളിക്കുന്ന മണ്ണിലെല്ലാം പൊന്നു വിളയിക്കുന്ന മെസ്സി, ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററും മെസ്സി തന്നെ.
ലയണൽ മെസ്സി ഇന്റർ മയായിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. കാരണം തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീമാണ് ഇന്റർമയാമി.ലീഗിൽ അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ അവർക്ക് വിജയം ഇല്ലായിരുന്നു. മെസ്സി കളിക്കുന്നതിനു മുന്നേ അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അവർ വിജയിച്ചിട്ടില്ലായിരുന്നു. ഇങ്ങനെ ഒന്നുമല്ലാത്ത ഒരു ടീമിൽ മെസ്സിക്ക് കാണിക്കാൻ കഴിയുന്ന അത്ഭുതങ്ങൾക്ക് ഒരു പരിമിതിയുണ്ട് എന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്.
പക്ഷേ ആ പരിമിതികൾക്കും അപ്പുറത്താണ് മെസ്സി എന്ന യാഥാർത്ഥ്യം.ലയണൽ മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ഒരു ടീമാണ് ഏറ്റവും മികച്ച ടീമുകൾ അണിനിരക്കുന്ന ലീഗ്സ് കപ്പ് കിരീടം നേടിയിരിക്കുന്നത്. അതിന് ഒരൊറ്റ കാരണമേയുള്ളൂ.ആ കാരണത്തിന്റെ പേരാണ് ലിയോ മെസ്സി.
ലയണൽ മെസ്സി തന്നെയാണ് ഇന്റർ മയാമിയെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ളത്. അതിനുള്ള ഉദാഹരണം മെസ്സി സ്വന്തമാക്കിയ നേട്ടങ്ങൾ തന്നെയാണ്. അതായത് ലീഗ്സ് കപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും മെസ്സി തന്നെയാണ്.ആ രണ്ടു പുരസ്കാരങ്ങളും മെസ്സി തൂത്തുവാരി.
ടൂർണമെന്റിൽ ആകെ 7 മത്സരങ്ങൾ കളിച്ച മെസ്സി 10 ഗോളുകൾ ആണ് നേടിയിട്ടുള്ളത്.അങ്ങനെയാണ് ടോപ്പ് സ്കോറർ ആയത്. ഇതിന് പുറമെ ഒരു അസിസ്റ്റമുണ്ട്.മാത്രമല്ല മിക്ക മത്സരങ്ങളിലും മെസ്സി തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്.അതുകൊണ്ടുതന്നെ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ചുരുക്കത്തിൽ ഏതു മണ്ണിൽ കളിച്ചാലും മെസ്സി അവിടെ പൊന്ന് വിളയിക്കും.അതാണ് ലിയോ മെസ്സി എന്ന ലെജന്റിന്റെ പ്രത്യേകത.