ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഒരിക്കൽ കൂടി അർജന്റീന കിരീടം ചൂടിയിരിക്കുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കും അർജന്റീനക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. അവസാനത്തെ 28 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത കൊളംബിയയെ അർജന്റീന ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.ലൗറ്ററോയാണ് അർജന്റീനയുടെ ഹീറോയായി മാറിയത്.
2020 വരെ ലയണൽ മെസ്സിക്ക് അർജന്റീന ദേശീയ ടീമിനോടൊപ്പം ഒരു കിരീടം പോലും ഇല്ലായിരുന്നു. വർഷങ്ങളോളം അതിന്റെ പേരിൽ പരിഹാസങ്ങളും കുത്തുവാക്കുകളും മെസ്സിക്ക് വേണ്ടി വന്നിട്ടുണ്ട്. എന്നാൽ മെസ്സി പോലും സ്വപ്നം കണ്ടു കാണില്ല,ഇത്രയും മനോഹരമായ ഒരു സുവർണ കാലഘട്ടം തനിക്ക് അർജന്റീന ദേശീയ ടീമിൽ വരും എന്നത്.
2021 കോപ്പ അമേരിക്ക കിരീടം ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കി. പിന്നീട് അർജന്റീന യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ചുകൊണ്ട് ഫൈനലിസിമ സ്വന്തമാക്കി. തുടർന്ന് 2022 ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് വേൾഡ് കപ്പ് സ്വന്തമാക്കി.ഒടുവിൽ ഇപ്പോൾ ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരിക്കുന്നു. മൂന്ന് ഫൈനലുകളാണ് ലയണൽ മെസ്സി വിജയിച്ച് കയറിയിട്ടുള്ളത്.
എന്നാൽ മൂന്ന് ഫൈനലുകൾ തോറ്റ ഒരു ഭൂതകാലം മെസ്സിക്കുണ്ട്. 2014 ബ്രസീൽ വേൾഡ് കപ്പിൽ ജർമ്മനിയോട് ഫൈനലിൽ അർജന്റീന പരാജയപ്പെട്ടു. അതിനുശേഷം 2015 കോപ്പ അമേരിക്കയിലും 2016 കോപ്പ അമേരിക്കയിലും ഫൈനലിൽ ചിലിയോട് അർജന്റീന പരാജയപ്പെട്ടു. മൂന്ന് കിരീടങ്ങളാണ് അന്ന് നഷ്ടമായത്.ദുഃഖത്താൽ മെസ്സി വിരമിക്കുകയും ചെയ്തിരുന്നു.
പക്ഷേ മെസ്സി തിരിച്ചുവന്നു. 2018 വേൾഡ് കപ്പ്, 2019 കോപ്പ അമേരിക്കയും മെസ്സിക്ക് ബുദ്ധിമുട്ടേറിയതു തന്നെയായിരുന്നു.പക്ഷേ പിന്നീടങ്ങോട്ട് അർജന്റീനയുടെയും മെസ്സിയുടെയും സർവ്വാധിപത്യമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. മൂന്ന് ഫൈനലുകൾ തോറ്റ അദ്ദേഹം മെസ്സി മൂന്ന് ഫൈനലുകൾ വിജയിച്ചു കൊണ്ട് കിരീടം സ്വന്തമാക്കിയിരിക്കുന്നു.അർജന്റീനക്കൊപ്പം ഒരു കിരീടം പോലും ഇല്ല എന്ന് പരിഹസിക്കപ്പെട്ടിരുന്ന മെസ്സി നാല് കിരീടങ്ങൾ നേരിൽ കൊണ്ട് വിമർശകരുടെ വായ അടച്ചിരുന്നു.
ഇത്രയും ഗംഭീരമായ ഒരു തിരിച്ചു വരവ് കായിക ചരിത്രത്തിൽ തന്നെ ആരും നടത്തിയിട്ടുണ്ടാവില്ല. അത്രയേറെ ശക്തമായ ഒരു തിരിച്ചുവരവാണ് മെസ്സി അർജന്റീന ടീമിനോടൊപ്പം നടത്തിയിട്ടുള്ളത്.അടുത്ത വേൾഡ് കപ്പിൽ കൂടി കളിച്ചതിനുശേഷമായിരിക്കും മെസ്സി വിരമിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.