ആർക്കും തടയാനാകാത്ത വിധമുള്ള ഉജ്ജ്വല ഫോമിലാണ് മെസ്സി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. നാലു മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. അതിൽ രണ്ട് ഗോളുകൾ ഫ്രീക്കിക്ക് ഗോളുകളാണ്. ആ രണ്ട് ഫ്രീക്കിക്ക് ഗോളുകളും പിറന്നിട്ടുള്ളത് നിർണായക സമയത്തുമാണ്.
ആദ്യമത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങി അവസാനത്തിൽ ലഭിച്ച ഫ്രീക്കിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് ഇന്റർമിയാമിയെ അദ്ദേഹം വിജയത്തിലേക്ക് കൊണ്ടുപോയിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒരു ഗോളിന് പുറകിൽ പോയി നിൽക്കുന്ന സമയത്താണ് മെസ്സിയുടെ ഫ്രീകിക്ക് പിറന്നത്. അതുവഴി സമനില നേടുകയും പിന്നീട് പെനാൽറ്റിയിൽ ഇന്റർ മിയാമി വിജയിച്ചു കൊണ്ട് മുന്നോട്ടു പോവുകയും ചെയ്തു.
ഡെല്ലാസ് എഫ്സിയുടെ പരിശീലകനായ നിക്കോ എസ്റ്റവോസ് മെസ്സിയുടെ ഫ്രീക്കിനെ പറ്റി സംസാരിച്ചിട്ടുണ്ട്.മെസ്സിക്ക് ഫ്രീകിക്ക് ലഭിച്ചാൽ അത് പെനാൽറ്റി ലഭിക്കുന്നതുപോലെയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.കാരണം അത് ഗോളാവാനുള്ള സാധ്യതകൾ ഏറെയാണ്. പെനാൽറ്റി എടുക്കുന്ന ലാഘവത്തോട് കൂടി ഫ്രീകിക്ക് എടുക്കാൻ ലിയോ മെസ്സിക്ക് സാധിക്കും.
ഞങ്ങൾ മത്സരത്തിൽ മികച്ച പ്രകടനം നടത്തി.അവർക്ക് നല്ല ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടായിരുന്നു. മെസ്സിയുടെ ഫ്രീകിക്കിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.നമ്മളെല്ലാവരും കണ്ടതാണ്.അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു പൊസിഷനിൽ നിന്ന് പെനാൽറ്റി ലഭിച്ചാൽ അത് മറ്റുള്ളവർക്ക് പെനാൽറ്റി കിട്ടുന്നത് പോലെയാണ്.അത്രയും അപകടകാരിയാണ് മെസ്സി,ഇതായിരുന്നു പരിശീലകൻ പറഞ്ഞത്.
വിജയിച്ചതോടുകൂടി ഇന്റർ മിയാമി ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ മികവിലൂടെയാണ് ഈ നാലു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചത്.മെസ്സിക്കൊപ്പം മറ്റു താരങ്ങളും ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്.