ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആരാധകർക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത്രയേറെ മോശം അവസ്ഥയിലായിരുന്നു മയാമി ഉണ്ടായിരുന്നത്. മെസ്സി ഒരു അസാധാരണ താരമാണെങ്കിലും ഇത്രയും പരിതാപകരമായ ഒരു ടീമിനെ ഒറ്റയ്ക്ക് എങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്നായിരുന്നു പലരുടെയും ചോദ്യം.പക്ഷേ അസാധ്യമായത് മെസ്സി സാധ്യമാക്കിയിരിക്കുന്നു.
സമാനതകളില്ലാത്ത ഇമ്പാക്ട് ആണ് മെസ്സി കളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കളത്തിന് വെളിയിൽ വേറെയും ഇമ്പാക്ടുകളുണ്ട്. മെസ്സി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. 10 മത്സരങ്ങളിലും വിജയിച്ചു, ഒരു മത്സരത്തിൽ സമനില വഴങ്ങി. ഈ 11 മത്സരങ്ങളിലും മെസ്സിയുടെ ഗോൾ ഇൻവോൾവ്മെന്റ് 16 ആണ്.
അതായത് 11 ഗോളുകളാണ് മെസ്സി ആകെ നേടിയിട്ടുള്ളത്.കൂടെ അഞ്ച് അസിസ്റ്റുകളും.കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മെസ്സി ഗോൾ നേടിയിട്ടില്ല എന്നുള്ളത് ഒരല്പം നിരാശാജനകമാണെങ്കിലും മികച്ച പ്രകടനമാണ് മെസ്സി നടത്തുന്നത്. ആകെ കളിച്ച 11 മത്സരങ്ങളിൽ 9 മത്സരങ്ങളിലും മെസ്സിയാണ് മാൻ ഓഫ് ദി മാച്ച് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.
ഒരു കിരീടം മെസ്സി നേടിയിട്ടുണ്ട്.ഇന്റർ മയാമിയുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടമായിരുന്നു അത്.ഒരു ഫൈനലിൽ കൂടി ഇന്റർ മയാമി എത്തിയിട്ടുണ്ട്. സങ്കൽപ്പിക്കാനാവാത്ത വിധമുള്ള ഒരു മാറ്റം തന്നെയാണ് ലിയോ മെസ്സി ഇപ്പോൾ ഇന്റർ മയാമിയിൽ ഉണ്ടാക്കിയിട്ടുള്ളത്.